മെൽബൺ: ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് തായ്‌ലണ്ടിൽ വാടകഗർഭത്തിലൂടെ പിറന്ന ബേബി ഗാമിയെന്ന ആൺകുട്ടിക്ക് അവസാനം ഓസ്‌ട്രേലിയൻ പൗരത്വമായി. ബുദ്ധിമാന്ദ്യം കണ്ടെത്തിയതിനെത്തുടർന്ന് മാതാപിതാക്കൾ തായ്‌ലണ്ടിൽ ഉപേക്ഷിച്ച ബേബി ഗാമിയെച്ചൊല്ലി അടുത്തിടെ ഒട്ടേറെ വിവാദങ്ങളാണ് ഉണ്ടായിരുന്നത്.

വാടകഗർഭത്തിലൂടെ ഇരട്ടകൾ പിറന്നുവെങ്കിലും ദമ്പതികൾ ബുദ്ധിമാന്ദ്യം ഉള്ള ആൺകുട്ടിയെ തായ്‌ലണ്ടിൽ ഉപേക്ഷിച്ച് ഇരട്ടയായ പെൺകുട്ടിയുമായി ഓസ്‌ട്രേലിയയിലേക്ക് പോയി എന്ന തായ് സ്ത്രീയുടെ വെളിപ്പെടുത്തൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്കോക്കിലുള്ള ഓസ്‌ട്രേലിയൻ എംബസിയിലാണ് അപേക്ഷ നൽകിയിരുന്നത്. ഇപ്പോഴും തായ്‌ലണ്ടിൽ വാടകഗർഭധാരണം നടത്തിയ ചാനുബയ്‌ക്കൊപ്പം കഴിയുകയാണ് ഒരു വയസുകാരനായ ഗാമി.

വടക്കൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള വെൻഡി- ഡേവിഡ് ഫാർനൽ ദമ്പതികളാണ് തായ്‌ലണ്ടിലെത്തി ഗർഭപാത്രം വാടകയ്‌ക്കെടുത്തത്. പിന്നീട് ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചുവെങ്കിലും പെൺകുഞ്ഞ് പിഫയുമായി ദമ്പതികൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് ചാനുബ ആരോപിക്കുന്നത്. ബുദ്ധിമാന്ദ്യമുള്ള ആൺകുഞ്ഞ് ഗാമിയെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ചുവെന്ന ചാനുബയുടെ വെളിപ്പെടുത്തലിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 240,000 ഡോളറാണ് ഗാമിക്ക് സഹായധനമായി ലഭിച്ചത്. ഓസ്‌ട്രേലിയയിൽ വാടകഗർഭധാരണം സംബന്ധിച്ച് നിയമപരിഷ്‌ക്കരണത്തിനും സംഭവം വഴിതെളിച്ചു. ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചുവെങ്കിലും വെൽഫെയർ വിസയ്ക്ക് അർഹനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.