ഭോപാൽ: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് രണ്ടു വയസുകാരനെ ക്രൂരമായി മർദ്ദിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.വീട്ടിലെ സിസിടിവി ദൃശ്യത്തിലാണ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ കണ്ടത്. രജനി ചൗധരിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത് കണ്ടതോടെയാണ് മാതാപിതാക്കൾ കുട്ടിയെ ഡോക്ടറെ കാണിച്ചത്. സംശയം തോന്നിയ ഡോക്ടർ കൂടുതൽ പരിശോധനകൾ നടത്തിയതിൽ നിന്നുമാണ് കുട്ടിയുടെ ആന്തരികാവയവങ്ങൾ വീർക്കുന്നതായും മർദ്ദനമേറ്റതായും മനസിലായത്.വീട്ടിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് വീട്ടുജോലിക്കാരി കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടത്.

മുടിയിൽ പിടിച്ച് വലിച്ചും തല കീഴായി കുഞ്ഞിനെ പിടിച്ചുമൊക്കെ ഉപദ്രവിക്കുന്നുണ്ട്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് രജനിക്കെതിരെ കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. മാസം 5000 രൂപ ശമ്പളത്തിലാണ് കുട്ടിയെ നോക്കാനായി രജനിയെ വീട്ടുകാർ നിയമിച്ചത്. ഭക്ഷണവും താമസവുമെല്ലാം സൗജന്യമായി നൽകിയിരുന്നു. എന്നിട്ടും കുഞ്ഞിനോട് ഇത്രയധികം ക്രൂരത കാട്ടിയത് തങ്ങളെ ഞെട്ടിച്ചുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.