- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2500 വർഷം പഴക്കമുള്ള ലോക ചരിത്രത്തിലെക്ക് വാതിൽ തുറന്ന് സൗദി അറേബ്യ; കണ്ടെത്തിയത് ബാബിലോണിയ സാമ്രാജ്യത്തിന്റെ അവസാന ചക്രവർത്തിയുടെ അവശിഷ്ടങ്ങൾ; ചരിത്രാന്വേഷികൾ ആഹ്ലാദത്തിൽ
റിയാദ്: യൂഫ്രട്ടീസ് നദിക്കരയിൽ ദൈവങ്ങൾക്കായി തുറന്നിട്ട കവാടം, അതായിരുന്നു ബാബിലോണിയൻ സാമ്രാജ്യം. ബാബിലോണിയ എന്ന വാക്കിന് ഗ്രീക്ക് ഭാഷയിലുള്ള അർത്ഥം തന്നെ ദൈവങ്ങളുടെ കവാടം എന്നായിരുന്നു. ആധുനിക മനുഷ്യജീവിതത്തിന് അടിത്തറ പാകിയ നിരവധി പുരാതന നാഗരികതകളിൽ പ്രധാനപ്പെട്ട ഒന്നാണ് ബാബിലോണിയയും. ഈ പുരാതന സാമ്രാജ്യത്തിന്റെ 2,550 വർഷങ്ങൾക്ക് മുൻപുള്ള ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന ഒരു കണ്ടുപിടുത്തമാണ് സൗദി അറേബ്യയിൽ നടന്നത്.
അവസാനത്തെ ബാബിലോണിയൻ രാജാവായ നബോനിഡസിനെ സംബന്ധിച്ച ചില വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. 2550 വർഷം പഴക്കമുള്ള ഒരു ശിലാശില്പമാണ് ഇപ്പോൾ ലഭിച്ചത്. കൃഷ്ണശിലയിൽ കോറിയിട്ട ചിത്രത്തിൽനബോഡിനസ് രാജാവ് ചെങ്കോലും കൈയിലേന്തി നിൽക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജാവിന്റെ രൂപത്തിനു ചുറ്റുമായി ഒരു സർപ്പം, ചന്ദ്രക്കല, സൂര്യൻ, ഒരു പുഷ്പം എന്നിവയും ഉണ്ട്.
രാജാവിന്റെ രൂപത്തോടൊപ്പമുള്ള ചിഹ്നങ്ങളുടെ അർത്ഥം മനസ്സിലാക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ചിലർ പറയുന്നത് മെസൊപ്പൊട്ടൊമിയൻ കാലത്തെ ആരാധനാ മൂർത്തികളേയാകാം ആ സംജ്ഞകളിലൂടെ കാണിച്ചിരിക്കുന്നത് എന്നാണ്. പുഷ്പം പ്രതിനിധാനം ചെയ്യുന്നത് സുമേറിയൻ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇഷ്ടാർ നക്ഷത്രത്തേ ആയിരിക്കാം എന്നു പറയുന്ന ഗവേഷകർ, നബോനിഡസിന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധനാ മൂർത്തിയായ ചന്ദ്രദേവനേയും ഒപ്പം കാണാം എന്ന് ചൂണ്ടിക്കാണിക്കുന്നു. സിൻ എന്നറിയപ്പെട്ടിരുന്ന ചന്ദ്രനേയായിരുന്നു രാജാവ് ഏറെ ആരാധിച്ചിരുന്നത്.
ഇതിനൊപ്പം 26 വരികളുള്ള ക്യുണിഫോ ലിഖിതവും ലഭിച്ചിട്ടുണ്ട്. അതിപുരാതന കാലത്ത് മദ്ധ്യപൂർവ്വ ദേശങ്ങളിൽ ഉപയോഗിച്ചിരുന്ന എഴുത്തു രീതിയായിരുന്ന ക്യുണിഫോമിന്റെ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ലിഖിതമാണിത്. ബാലനായ രാജാവിനെ വധിച്ച് അധികാരത്തിലേറിയ നബോഡിനസ് രാജാവ് ബി സി 556 മുതൽ 539 വരെയാണ് ബാബിലോണിയ ഭരിച്ചിരുന്നത്. നബോനിഡസ് രാജാവിന്റെ ഇഷ്ടമൂർത്തിയായ സിൻ എന്ന ചന്ദ്രദേവന്റെ പുരോഹിതയായിരുന്നു അദ്ദേഹം വധിച്ച ബാല രാജാവ് ലബാഷി മർഡൂക്കിന്റെ മാതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.
ചന്ദ്രദേവനെ അതീവ് ഭക്തിയോടെ ഭജിച്ചിരുന്ന രാജാവ് പിന്നീട് മതകാര്യങ്ങളിൽ താത്പര്യം വർദ്ധിച്ച് അവസാനം ഭ്രാന്തനാകുകയായിരുന്നു. അടുത്തകാലത്തായി നെബോനിഡസിന്റെ നിരവധി ചുമർചിത്രങ്ങളും പലയിടത്തുനിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ലഭിച്ച ഈ ശിലാചിത്രം സൗദി അറേബ്യയുടെ വടക്ക് ഭാഗത്തുള്ള അൽ ഹെയ്ൽ മേഖലയിൽ നിന്നാണ് ലഭിച്ചത്.
പുരാതനകാലത്ത് ഫദാക്ക് എന്നറിയപ്പെട്ടിരുന്ന അൽ ഹെയ്തിന് കൃസ്തുവിന് മുൻപ് ആയിരം കൊല്ലം മുതൽക്ക് തന്നെ അതീവ പ്രാധാന്യമുണ്ടായിരുന്നു. ഇസ്ലാമിക യുഗത്തിന്റെ ആദ്യകാലം വരെ പ്രൗഢി നിലനിർത്തിയിരുന്ന ഇവിടം ഒരു സുപ്രധാന ഹെറിറ്റേജ് ടൂറിസം കേന്ദ്രം കൂടിയാണ്.കോട്ടകളും കൊട്ടാരങ്ങളും ജലസ്തംഭങ്ങളും നിരവധിയാണ് ഈ മേഖലയിൽ. പേർഷ്യയുടെ കീഴിൽ ആകുന്നതുവരെ ബാബിലോണിയൻ സാമ്രാജ്യം ഭരിച്ചിരുന്ന അവസാന രാജാവായ നബോനിഡസുമായി ബന്ധപ്പെട്ട നിരവധി ആലേഖനങ്ങൾ ഈ മേഖലയിൽ നിന്നും ഇതിനു മുൻപും ലഭിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്