- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കാരിക്ക് നിയമനം കിട്ടാൻ വേണ്ടി അവർക്ക് എഴുത്തു പരീക്ഷയിൽ കിട്ടിയ മാർക്ക് കട്ട് ഓഫ് മാർക്ക് ആക്കി; മുൻപ് ഇതേ തസ്തികയിൽ ജോലി ചെയ്തതിനാൽ ഇന്റർവ്യൂവിൽ അറ്റൻഡ് ചെയ്താൽ ഗ്രേസ് മാർക്ക് മൂന്ന്; സിഐടിയു സംസ്ഥാന നേതാവിന്റെ സ്വന്തം ആളിന് നിയമനം കൊടുക്കാൻ വഴിവിട്ട കളികൾ ഇങ്ങനെ: ഇടതു സർക്കാരിന്റെ പിൻവാതിൽ നിയമനം പത്തനംതിട്ടയിലും
പത്തനംതിട്ട: ഭരണം മാറുന്നതിന് മുന്നോടിയായുള്ള ഇടതു സർക്കാരിന്റെ പിൻവാതിൽ നിയമനം പത്തനംതിട്ട ജില്ലയിലും. തങ്ങൾ ഉദ്ദേശിക്കുന്ന ആൾക്ക് നിയമനം കൊടുക്കാൻ വേണ്ടി ഔദ്യോഗിക തലത്തിൽ തന്നെ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. സിഐടിയു സംസ്ഥാന നേതാവിന്റെ സ്വന്തം ആൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിക്ക് പിൻവാതിൽ നിയമനം നൽകുന്നതിന് വേണ്ടിയാണ് ഈ പെടാപ്പാട്.
വനിതാ ശിശു വികസന വകുപ്പിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായിട്ടാണ് നീക്കം. ഇവരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഇന്ന് കലക്ടറേറ്റിൽ ആരംഭിച്ചു. നാളെയും തുടരും. സിപിഎമ്മിനും സിഐ.ടി.യുവിനും വേണ്ടപ്പെട്ടവർക്ക് ജോലി നൽകുന്നതിനായി ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയതായിട്ടാണ് ആരോപണം. കട്ട് ഓഫ് മാർക്ക്, പരിചയ സമ്പത്തിനുള്ള പോയിന്റ് എന്നിവയിലാണ് തിരിമറി നടന്നിരിക്കുന്നത്. തങ്ങൾ ഉദ്ദേശിക്കുന്നവർക്ക് കിട്ടുന്ന തരത്തിലാണ് ചട്ടങ്ങൾ മാറ്റി മറിച്ചിരിക്കുന്നത്.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫയർ കമ്മറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. ഇതാണ് പിൻവാതിൽ നിയമനമാക്കി മാറ്റുന്നതിനുള്ള സകല ഒരുക്കങ്ങളും നടത്തിയിരിക്കുന്നതായി ആരോപണമുള്ളത്. ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീമിൽ കൗൺസിലർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സോഷ്യൽ വർക്കർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 20,000 രൂപയ്ക്ക് മുകളിലാണ് പ്രതിമാസ ശമ്പളം. ഇവിടെ പാർട്ടിക്ക് വേണ്ടപ്പെട്ടയാളെ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ തിരുകി കയറ്റാനുള്ള ശ്രമമാണ് ഏറ്റവും ശക്തമായി നടക്കുന്നത്.
എഴുത്തു പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് വേണ്ടിയാണ് ഇന്റർവ്യൂ. ഇതിലാണ് സിഐടിയുവിന്റെ കടലാസ് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുള്ളയാളെ നിയമിക്കാൻ നീക്കം നടക്കുന്നത്. നേരത്തേ പത്തനംതിട്ട നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്തയാളാണിത്. കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഇവർ പിന്നീട് അതിലെ നേതാക്കളുടെ പേരിൽ ആരോപണം ഉന്നയിച്ച് സിപിഎമ്മിൽ ചേരുകയായിരുന്നു.
സിഐടിയുവിന്റെ ഒരു സംസ്ഥാന നേതാവുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റക്കാര്യത്തിൽ വരെ ഇടപെടാറുണ്ടായിരുന്നുവത്രേ. എഴുത്തു പരീക്ഷയിൽ ഈ ഉദ്യോഗാർഥിക്ക് ഏറ്റവും കുറഞ്ഞ മാർക്കാണ് ലഭിച്ചത്. അതിനാൽ അവർക്ക് കിട്ടിയ മാർക്ക്, കട്ട് ഓഫ് മാർക്ക് ആക്കി മാറ്റിയാണ് ഇന്റർവ്യൂവിന് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്. മറ്റ് ഉദ്യോഗാർഥികളോട് ഏറ്റവും അധികം അനീതി കാണിച്ചിരിക്കുന്നത് ഗ്രേസ് മാർക്കിന്റെ കാര്യത്തിലാണെന്ന് പറയുന്നു.
മുൻപ് ഇതേ തസ്തികയിൽ ജോലി ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുത്താൽ മൂന്നു മാർക്ക് ലഭിക്കും. ഇവർ ഈ തസ്തികയിൽ ജോലി ചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇത്തരക്കാർ ഇന്റർവ്യൂവിൽ പങ്കെടുത്താൽ തന്നെ ഒരു മുടക്കുമില്ലാതെ മൂന്നു മാർക്ക് ആദ്യം തന്നെ ലഭിക്കും. പിൻവാതിൽ നിയമനം ഉറപ്പിച്ചിരിക്കുന്ന ഒരു ഉദ്യോഗാർഥിയുടെ പേരിൽ ചെക്കു കേസും സ്വഭാവദൂഷ്യവും ആരോപിച്ച് അധികാര കേന്ദ്രങ്ങളിൽ ഊമക്കത്തും എത്തിയിട്ടുണ്ട്. ഇവരെ നിയമിക്കാൻ മുൻകൈയെടുത്തിരിക്കുന്നത് സിഐടിയു സംസ്ഥാന നേതാവും ഒരു ഐഎഎസുകാരനും ചേർന്നാണ് എന്നാണ് മറ്റൊരു ആരോപണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്