- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് എന്തെങ്കിലുമൊരു സഹായം ലഭിച്ചത് ഹംഗറിയിൽ എത്തിയതിന് ശേഷം മാത്രം; പിന്നെ ഇപ്പോൾ ഈ പൂവ് തന്നിട്ടെന്ത് കാര്യം?; കേന്ദ്ര സർക്കാരിനെയും രക്ഷാദൗത്യത്തെയും വിമർശിച്ച് ഇന്ത്യൻ വിദ്യാർത്ഥി; ദൗത്യത്തിൽ സമയോചിത ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗ മികച്ച പ്രതികരണം നേടി പുരോഗമിക്കുകയാണ്.ഇതിനോടകം നിരവധി വിദ്യാർത്ഥികളെയാണ് പദ്ധതിയിലുടെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്.എന്നാൽ രക്ഷാദൗത്യത്തിനെതിരേ വിമർശനവുമായി യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥി രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധമുഖത്ത് കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ രക്ഷിക്കാൻ സമയോചിതമായി നടപടികൾ കൈക്കൊള്ളാതെ തിരിച്ചെത്തുമ്പോൾ പൂവു നൽകി സ്വീകരിക്കുന്നത് അർഥശൂന്യമാണെന്ന് ബിഹാറിൽനിന്നുള്ള വിദ്യാർത്ഥിയായ ദിവ്യാംശു സിങ്ങ് പറഞ്ഞതായി എൻ.ഡിടി.വി. റിപ്പോർട്ട് ചെയ്തു.
യുക്രൈനിൽനിന്ന് ഹംഗറി അതിർത്തി കടന്ന് ബുഡാപെസ്റ്റിൽനിന്ന് വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാർത്ഥികൾ ന്യൂഡൽഹിയിൽ എത്തിയത്. ഇവരെ വിമാനത്താവളത്തിൽ പനിനീർ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ദിവ്യാംശുവിന്റെവിമർശനം.
'അതിർത്തി കടന്ന് ഹംഗറിയിൽ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് എന്തെങ്കിലുമൊരു സഹായം ലഭിച്ചത്. അതിന് മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സ്വന്തം നിലയ്ക്കാണ്. പത്ത് പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കി ട്രെയ്നിൽ കയറുകയാണ് ചെയ്തത്.' ദിവ്യാംശു ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചു.
അതിർത്തി കടക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾ പീഡനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിനും ദിവ്യാംശു മറുപടി നൽകി. ഹംഗറിയിൽ തങ്ങളെ ചിലർ സഹായിച്ചെന്നും എന്നാൽ പോളണ്ടിന്റെ അതിർത്തിയിൽ ചിലർ പീഡനം നേരിടുന്നുണ്ടെന്നും ദിവ്യാംശു പറഞ്ഞു.
'കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു. തങ്ങളുടെ പൗരന്മാരോട് യുക്രൈൻ വിടാൻ ആദ്യം ആവശ്യപ്പെട്ടത് അമേരിക്കയാണ്. ഇപ്പോൾ ഞങ്ങൾ ഏതായാലും ഇന്ത്യയിലെത്തി. അതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം എന്തു ചെയ്യുമായിരുന്നു? അവരോട് ആര് സമാധാനം പറയുമായിരുന്നു? ഇപ്പോൾ ഈ പുഷ്പം സ്വീകരിക്കുന്നതിലെ അർഥമെന്താണ്?'. ദിവ്യാൻശു ചോദിക്കുന്നു.
21 വിമാനങ്ങളിലായി വ്യാഴാഴ്‌ച്ച 3726 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്ന് നാട്ടിലെത്തിച്ചത്. ഇതിൽ എട്ടു വിമാനങ്ങൾ ബുക്കാറെസ്റ്റിൽനിന്നും അഞ്ച് വിമാനങ്ങൾ ബുഡാപെസ്റ്റിൽ നിന്നുമാണ് വന്നത്.
മറുനാടന് മലയാളി ബ്യൂറോ