- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പ്രോചാൻസലറായി ആരംഭിച്ച ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലും പിൻവാതിൽ നിയമനങ്ങൾ; നിയമനങ്ങളിൽ യുജിസി ചട്ടവും സംവരണവും പാലിച്ചില്ല; രഹസ്യ നിയമനങ്ങൾ പുറത്തുവന്നത് സർവകലാശാല വെബ്സൈറ്റിൽ വന്നപ്പോൾ; പിൻവാതിൽ നിയമനങ്ങൾ അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലേക്ക്
തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് ഫെബ്രുവരി 20 നാണ്. ഡിജിറ്റൽ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുന്ന തരത്തിൽ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി' എന്ന പേരിൽ കേരളാ ഡിജിറ്റൽ സർവകലാശാലക്ക് രൂപം കൊടുത്തത്. എന്നാൽ, ഇടതുസർക്കാരിന്റെ കാലത്ത് ഏറ്റവും അധികം പഴി കേട്ട പിൻവാതിൽ നിയമനങ്ങൾ ഇവിടെയും വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രോ ചാൻസലറായി പുതുതായി ആരംഭിച്ച കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ യുജിസി ചട്ടങ്ങൾ അവഗണിച്ചു് വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനങ്ങൾ നൽകിയതായി ആക്ഷേപം.നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി.
അദ്ധ്യാപക അനധ്യാപക തസ്തികകളിലേക്കാണ് നിയമനങ്ങൾ നടന്നത്. അഞ്ചു പ്രൊഫസർമാർ,രണ്ട് അസോസിയേറ്റ് പ്രൊഫസർമാർ,എട്ട് അസിസ്റ്റന്റ് പ്രൊഫസർമാർ, രജിസ്ട്രാർ,പരീക്ഷാ കൺട്രോളർ,ഡെപ്യൂട്ടി രജിസ്ട്രാർമാർ, അസിസ്റ്റന്റ് രജിസ്ട്രാർമാർ തുടങ്ങിയ ഉന്നത തസ്തികകളിലേക്കാണ് നിയമനങ്ങൾ നടത്തിയത്. ഇതിന് പുറമെ ടെക്‌നിക്കൽ ജീവനക്കാരെയും, ക്ലാർക്ക്മാരെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടുണ്ട്.നിയമനങ്ങളിൽ ഒന്നും സംവരണം പാലിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാ നുസരണമാണ് വിസി, നേരിട്ട് നിയമനങ്ങൾ നടത്തിയതെന്ന് ആരോപണമുണ്ട്.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം പ്രവർത്തിച്ചുവരുന്ന ഐ. ഐ..ഐ.ടി യുടെ അടിസ്ഥാന സൗകര്യങ്ങൾ യൂണിവേഴ്‌സിറ്റിയിലേക്ക് മാററിയാണ് ഡിജിറ്റൽ സർവ്വകലാശാല ആരംഭിച്ചതത്. സർക്കാർ ഉടമയിലുള്ള ഈ സ്ഥാപനത്തിന്റെ മംഗലപുരം- പള്ളിപ്പുറത്തുള്ള ക്യാമ്പസ് ആണ് സർവകലാശാലയു ടെ പുതിയ ആസ്ഥാനം.
ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രവർത്തനം ആരംഭിച്ചുവെങ്കിലും കുസാറ്റിൽ അഫീലിയേറ്റ് ചെയ്തിട്ടുള്ള സ്‌പോൺസറിങ് സ്ഥാപനവും അവിടത്തെ നിലവിലെ കോഴ്സുകളും മുൻപെന്നപോലെ തുടരുന്നുണ്ട്.ഇൻഫർമേഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളും, പ്രൊജക്റ്റ് തയ്യാറാക്കലും കൺസൾട്ടൻസി സർവീസും ഡിജിറ്റൽ സർവകലാശാലയിൽ ഉണ്ടാകുമെന്ന് യൂണിവേഴ്‌സിറ്റി ആക്ടിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐ.ടി വകുപ്പിന് കീഴിലാണ് സർവകലാശാല രൂപീകരിച്ചിട്ടുള്ളത്. ഗവർണർ സർവകലാശാലയുടെ ചാൻസലറും മുഖ്യമന്ത്രി പ്രോചാൻസിലറുമാണ്.മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന പി. ശിവശങ്കർ മുൻകൈയെടുത്താണ് രാ ജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിച്ചത്. നിലവിലെ IIIT-M നെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയായി ഉയർത്തുന്നതായാണ് തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് പ്രസ്തുത സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മാത്രം മാറ്റുകയാണുണ്ടായത്.
സർവകലാശാലയുടെതായ സ്റ്റാറ്റിയൂട്ടും റഗുലേഷനും അനുബന്ധ ചട്ടങ്ങളും തയ്യാറാക്കിയിട്ടില്ലെന്നതിന്റെ മറവിലാണ് പിൻവാതിൽ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. നിയമനങ്ങൾ നടത്തുന്നതിന് ദേശീയ തലത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കണമെന്ന UGC വ്യവസ്ഥ പാലിക്കാതെ, ഐ.ഐ.ഐ.ടി.യിൽ UGC ചട്ടങ്ങൾ ലംഘിച്ച് നിയമിച്ചിരുന്ന ചില അദ്ധ്യാപകരേയും പുറമെനിന്നുള്ളവരെയും പിൻവാതിലിലൂടെ വിവിധ തസ്തികകളിൽ നിയമിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇപ്രകാരം നിയമനങ്ങൾ നടത്താൻ യൂണിവേഴ്‌സിറ്റി ആക്ടിൽ വ്യവസ്ഥ ഇല്ല.വേണ്ടപ്പെട്ടവരെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ നിയമിക്കുക എന്ന ഉദ്ദേശത്തോടെയാണ് തിരക്കിട്ട് യൂണിവേഴ്‌സിറ്റി ആരംഭിച്ചതെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് ഇവിടുത്തെ നിയമനങ്ങൾ.
നിയമങ്ങളിലെ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്നും എല്ലാ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണമെന്നും, യൂ ജിസി/എ. ഐ.സി.റ്റി.ഇ ചട്ടങ്ങൾക്ക് വിരുദ്ധമായും വിജ്ഞാപനം കൂടാതെയും സംവരണം പാലിക്കാതെയും നിയമനങ്ങൾ നടത്തിയ വൈസ് ചാൻസിലർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്കും ഗവർണർക്കും പരാതി നൽകി.