- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി വിധി അവഗണിച്ച് 'കില'യിൽ സ്ഥിരനിയമനം; ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പ് മറികടന്ന് നിയമിച്ചത് 10 താൽക്കാലിക ജീവനക്കാരെ
കോഴിക്കോട്: ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പു മറികടന്ന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ. തദ്ദേശ ഭരണ വകുപ്പിനു കീഴിലെ കിലയിലാണ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ) ലക്ചറർ ഇൻ റൂറൽ ഇക്കണോമിക്‌സ് (1), അസിസ്റ്റന്റ് (2), ഡിടിപി ഓപ്പറേറ്റർ (3), മൾട്ടി ടാസ്‌ക് വർക്കർ (4) എന്നിങ്ങനെ സ്ഥിരപ്പെടുത്തിയത്.
ഇവർക്കുള്ള ശമ്പളം കിലയിൽ നിന്നു നേരിട്ടു നൽകുന്നതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുന്നില്ലെന്നാണു തദ്ദേശ വകുപ്പിന്റെ വിശദീകരണം. എന്നാൽ, ഈ നിയമനം സാമ്പത്തിക ബാധ്യതയുള്ളതാണെന്നു മന്ത്രിസഭയ്ക്കു മുൻപിൽ സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
മന്ത്രിസഭാ യോഗത്തിൽ 10 പേരുടെയും നിയമനം അംഗീകരിക്കുകയായിരുന്നു. ഇവരിൽ ചിലർ സ്ഥിരനിയമനം ആവശ്യപ്പെട്ടു 2019ൽ കോടതിയെ സമീപിച്ചെങ്കിലും സ്ഥിരപ്പെടുത്താനാവില്ലെന്നായിരുന്നു അന്നു സർക്കാർ നിലപാട്. അതേ ആളുകളെയാണ് ഒരു വർഷത്തിനു ശേഷം സ്ഥിരപ്പെടുത്തുന്നത്.
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതി പലപ്പോഴായി പുറത്തിറക്കിയ വിധികൾ ചൂണ്ടിക്കാട്ടിയാണു നിയമവകുപ്പ് എതിർപ്പ് ഉന്നയിച്ചത്. സ്ഥിരപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് ഇവർക്കു യോഗ്യതയില്ലെന്നു ധനവകുപ്പും അറിയിച്ചിരുന്നു. രണ്ടു വകുപ്പുകളുടെയും എതിർപ്പ് ചൂണ്ടിക്കാട്ടി ഫയൽ മുഖ്യമന്ത്രിക്കു കൈമാറിയപ്പോൾ, തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കാനാണു മുഖ്യമന്ത്രി നിർദേശിച്ചത്.
ന്യൂസ് ഡെസ്ക്