- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഷ്ടക്കാർക്ക് നിയമനം നൽകാൻ വിജ്ഞാപനങ്ങൾ തോന്നും പടി തിരുത്തും; പിൻവാതിൽ കരാർ നിയമനങ്ങൾ തകൃതി; പിഎസ് സിക്ക് വിട്ട തസ്തികകളിൽ ആരോരുമറിയാതെ കരാർ നിയമനം; എല്ലാത്തിനും ഒത്താശ ചെയ്ത് സെൻർ ഫോർ മാനേജ്മെന്റെ് ഡവലപ്മെന്റും; പിന്നോക്ക വികസന കോർപറേഷനിലെ നിയമന നടപടികൾ അടിമുടി ദുരൂഹം
കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നിൽ നിയമനം കാത്ത് ഉദ്യോഗാർത്ഥികൾ സമരം ചെയ്യുന്നതിനിടെയിലും സംസ്ഥാനത്ത് പി.എസ്.സിക്ക് വിട്ട തസ്തികകളിൽ പിൻവാതിൽ നിയമനം തകൃതി. പിന്നോക്ക വികസന കോർപറേഷനിൽ അടുത്തിടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തിയതോടെ കരാർ അവസാനിച്ചവരെ കൈവിടാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി ആരോരുമറിയാതെ രഹസ്യമായി നിയമന വിജ്ഞാപനമിറക്കി, ഇന്റർവ്യുവും നടത്തി തുടങ്ങി.
പിന്നോക്ക വികസന കോർപറേഷൻ മാനേജ്മെന്റിന് പ്രത്യേക താത്പര്യമുള്ള ആറു പേരെ സംരക്ഷിക്കാൻ കള്ളക്കളികൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാലുപേരെയും പ്രോജക്ട് അസിസ്റ്റന്റ് സിസ്റ്റം, അക്കൗണ്ടന്റ് എന്നീ തസ്തികളിലേക്ക് ഓരോരുത്തരെയും നിയമിക്കാനാണ് നീക്കം. നിയമനം നടത്താൻ ചുമതലപ്പെടുത്തിയ സ്വയംഭരണസ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി) മൂന്നുവട്ടം നിയമന വിജ്ഞാപനം തിരുത്തി.
പത്രമാധ്യമങ്ങളിലോ കോർപറേഷന്റെ വൈബ്സൈറ്റിലോ പരസ്യപ്പെടുത്തെതാതെ എല്ലാം അതീവരഹസ്യമായാണ് നടത്തിയത്. നിയമനം സംബന്ധിച്ച സി.എം.ഡി വെബ്സൈറ്റിൽ മാത്രം പരസ്യപ്പെടുത്തിയ വിജ്ഞാപനത്തിൽ ഏത് സ്ഥാപനത്തിലേക്കാണ് നിയമനമെന്ന അടിസ്ഥാനവിവരം പോലും പറഞ്ഞിട്ടില്ല. രണ്ട് മാസം മുമ്പാണ് പി.എസ്.സി വഴി അസിസ്റ്റന്റ് തസ്തികയിൽ 30തോളം പേർ കോർപറേഷനിലെത്തിയത്. ഇതോടെ കരാർ ജീവനക്കാരുടെ കാലാവധി കഴിഞ്ഞു.
എന്നാൽ കണ്ണൂർ,മലപ്പുറം കോഴിക്കോട്,കൊല്ലം,എന്നീ ജില്ലകളിലെ ആറു ജീവനക്കാരെ കൈവിടാൻ മാനേജ്മെന്റിന് മനസുവന്നില്ല, ഇവർക്ക് വേണ്ടിയാണ് ഒട്ടും മടിക്കാതെ പിൻവാതിൽ തുറന്നു. ഫെബ്രുവരി 16നാണ് ഇത് സംബന്ധിച്ച ആദ്യ വിജ്ഞാപനം സി.എം.ഡി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖല സ്ഥാപനത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് (4) പ്രോജക്ട് അസിസ്റ്റന്റ് സിസ്റ്റം (1), അക്കൗണ്ടന്റ് (1) എന്നിങ്ങനെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 36വയസായിരുന്നു പ്രായപരിധി. 20,22തീയതികളിലായിരുന്നു ഇന്റർവ്യൂ.
എന്നാൽ ഒട്ടും വൈകാതെ പിൻവലിച്ചു. ഉടൻ പ്രോജക്ട് അസിസ്റ്റന്റ് സിസ്റ്റം, അക്കൗണ്ടന്റ് എന്നീ രണ്ട് തസ്തികളിലേക്കുള്ള രണ്ട് ഒഴിവുകളിലേക്ക് മാത്രമായി ഇന്റർവ്യുവിന് വിജ്ഞാപനമിറക്കി. ഇന്റർവ്യു ദിവസങ്ങളിൽ മാറ്റില്ല. ആദ്യ വിജ്ഞാപനത്തിൽ ഇടം പിടിക്കുകയും രണ്ടാമത്തെ വിജ്ഞാപനത്തിൽ ഒഴിവാക്കുകയും ചെയ്ത പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ നാല് ഒഴിവുകളിലേക്കുള്ള നിയമനത്തിന് ഈമാസം 20ന് വിജ്ഞാപമിറക്കി. എന്നാൽ ഇതിന് പ്രായപരിധിയില്ല.
ഈതസ്തികയിലേക്ക് ഇന്റർവ്യൂവിന് ഓൺലൈൻ രജിസ്ട്രേഷനും കൊണ്ടുവന്നു. 20ന് ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ രജിസ്ട്രേഷൻ സമയം അന്നേദിവസം രാവിലെ 10മുതൽ 22ന്വൈകിട്ട് അഞ്ചുവരെയായിരുന്നു.ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഇ മെയിലിലൂടെ ഇന്റർവ്യു തീയതി അറിയിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. അടിമുടി ദുരൂഹമായ രീതിയിലാണ് ഓരോ നിയമന നടപടികളും.
പിന്നോക്ക വികസന കോർപറേഷന് താത്പര്യമുള്ള നിയമിക്കാൻ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് എന്തിന് കൂട്ടു നിൽക്കുന്നുവെന്ന ചോദ്യം ഉയരുമ്പോൾ രണ്ടു സ്ഥാപനങ്ങളുടെയും വിശ്വാസ്യത ഒരു പോലെ സംശയനിഴലിലാണ്.