കോഴിക്കോട്: എസ്.എൻ.ഡി.പി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും സാമ്പത്തിക ധമനിയാണ് മൈഗ്ഗ്രകാ ഫിനാൻസ് പദ്ധതി. ഇത് അടിമുടിതട്ടിപ്പാണെന്നതിന്റെ ഒരു തെളിവുകൂടി ഇപ്പോൾ പുറത്തുവരുന്നു.പിന്നോക്ക സമുദായ കോർപ്പറേഷൻ വെറും തുഛമായ പലിശക്ക് നൽകുന്ന വായ്പ 12മുതൽ 18ശതമാനംവരെ പലിശക്ക് എസ്.എൻ.ഡി.പി ശാഖകൾക്ക് മറിച്ചുകൊടുത്താണ് വെള്ളാപ്പള്ളി കോടിയകൾ തട്ടിയത്. പലതും വ്യാജരേഖ ചമച്ച് അംഗങ്ങൾപോലും അറിയാതെയാണ് പല വായ്‌പ്പകളും എടുത്തിട്ടുള്ളത്. ഈ തട്ടിപ്പ് ഇപ്പോൾ പിന്നോക്ക സമുദായ കോർപ്പറേഷനും ബോധ്യപ്പെട്ടിരിക്കയാണ്.

വ്യാജരേഖ ചമച്ച് തട്ടിയെടുത്ത അഞ്ച് കോടി രൂപ പിഴപ്പലിശ സഹിതം തിരിച്ചടയ്ക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. വായ്പാ തുകയായ അഞ്ച് കോടി രൂപ 12 ശതമാനം പിഴപ്പലിശയോടെ തിരിച്ചുപിടിക്കണമെന്നു കാണിച്ച് കോർപറേഷൻ കൊല്ലം ജില്ലാ മാനേജരുടെ നോട്ടീസാണ് എസ്.എൻ.ഡി.പിയുടെ കൊല്ലം ഓഫീസിൽ കിട്ടിയത്.

സ്വയംസഹായ സംഘങ്ങൾമുഖേന ദരിദ്ര ജനവിഭാഗങ്ങൾക്ക് വിതരണംചെയ്യന്നതിന് വെള്ളാപ്പള്ളി നടേശന് നൽകിയ അഞ്ച് കോടി രൂപയിൽ നാല് കോടി 75 ലക്ഷം രൂപയും ദുർവിനിയോഗം ചെയ്തതായി കോർപറേഷൻ കണ്ടത്തെിയിരുന്നു. കോർപറേഷൻ രണ്ടുശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളിക്ക് വായ്പ നൽകിയത്. ഈ തുക വ്യാജസംഘങ്ങൾ മുഖേന തട്ടിയെടുത്തു എന്നതിന് പുറമെ എസ്.എൻ.ഡി.പിയുടെ കീഴിലുള്ള ചില സ്വയംസഹായ ഗ്രൂപ്പിലെ പാവപ്പെട്ട സ്ത്രീകളിൽനിന്ന് 12 ശതമാനം മുതൽ 18 ശതമാനംവരെ പലിശ ഈടാക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് തുക തിരിച്ചുപിടിക്കാൻ പിന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ നീക്കം തുടങ്ങിയത്.

2014 ജൂൺ 19നാണ് 250 സ്വയംസഹായ സംഘങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം നൽകാൻ കോർപറേഷൻ അഞ്ചുകോടി രൂപ വെള്ളാപ്പള്ളി നടേശന് വായ്പ നൽകിയത്. സംഘത്തിലെ 3900 അംഗങ്ങൾക്ക് കൂട്ടായതോ ഒറ്റയ്ക്കുള്ളതോ ആയ സംരംഭങ്ങൾ തുടങ്ങാൻ 25,000 വരെ വായ്പ അനുവദിക്കാനാണ് നടേശന്റെ അപേക്ഷയിന്മൽേ കോർപറേഷൻ തുക അനുവദിച്ചത്. അപേക്ഷയോടൊപ്പം 250 സംഘങ്ങളുടെ പട്ടികയും നൽകി. ഈ സംഘങ്ങളിൽ ഏറെയും വ്യാജമാണെന്നും കണ്ടത്തെിയിട്ടുണ്ട്.

ഇതോടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ അധികൃതർ തന്നെ ശരിവെക്കുന്ന അവസ്ഥയാണ്. മൈക്രോഫിനാൻസ് തട്ടിപ്പിനെ കുറിച്ച് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കൊല്ലത്തെ നടപടി നിർണ്ണായക വഴിത്തിരിവാകും.

പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് നാഷനൽ ബാക്വേർഡ് ക്‌ളാസസ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപറേഷനിൽ (എൻ.ബി.സി.ഡി.സി)നിന്ന് കോടികളാണ് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷന് ലഭിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ ഇതിൽ മുഖ്യപങ്കും വെട്ടുന്നത് വെള്ളാപ്പള്ളിയാണെന്നാണ് ആരോപണം. എസ്.എൻ.ഡി.പി യോഗത്തിനുവേണ്ടി കോർപറേഷൻ നടത്തിയ വഴിവിട്ട ഇടപാടുകൾ സി.ആൻഡ് എ.ജി ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ടുനിരത്തുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല. വെള്ളാപ്പള്ളിയുടെ നോമിനിയായി യു.ഡി.എഫ് സർക്കാർ നിയമിച്ച മോഹൻ ശങ്കറാണ് ഇപ്പോൾ കോർപറേഷൻ ചെയർമാൻ. വെള്ളാപ്പള്ളി രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനായി കൂറുമാറിയതോടെ ഭരണതലത്തിലുള്ള സമ്മർദത്തെതുടർന്ന് ഗത്യന്തരമില്ലാതെയാണ് കോർപ്പറേഷൻ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

എൻ.ബി.സി.ഡി.സിയിൽനിന്ന് ലഭിക്കുന്ന ഫണ്ട് കോർപറേഷൻ രണ്ടുശതമാനം പലിശക്കാണ് എൻ.ജി.ഒകൾക്ക് നൽകുന്നത്. എൻ.ജി.ഒകൾ ഈ തുക സ്വയംസഹായ ഗ്രൂപ്പുകൾക്ക് നൽകുമ്പോൾ പരമാവധി അഞ്ചുശതമാനം വരെ പലിശവരെ മാത്രമേ ഈടാക്കൂവെന്നാണ് നിയമം. എന്നാൽ ഈ മാർഗനിർദ്ദേശം ലംഘിച്ച് 12 മുതൽ 16വരെ ശതമാനം പലിശക്കാണ് നടേശൻ വായ്പ നൽകിയത്.

തങ്ങളുടെ വായ്‌പ്പക്ക് വെറും ഒരുരൂപയാണ് പലിശയെന്ന് പറഞ്ഞും ഇവർ പാവങ്ങളെ പറ്റിച്ചു.പക്ഷേ, 'ഒരുരൂപ'യുടെ അരികിൽ ഒരു നക്ഷത്രചിഹ്നം ഉണ്ടായിരുന്നത് ആരും അറിഞ്ഞിരുന്നില്ല. അത് 'കണ്ടീഷൻസ് അപൈള' ആയിരുന്നു. ഒരു മാസത്തേക്കാണ് ഒരുരൂപ പലിശ. അതായത്, ഒരുവർഷം 12 രൂപ പലിശ അടക്കണം. ഇങ്ങനെ കിട്ടുന്ന വരുമാനമായ കോടികൾ ബാങ്കിലിട്ട ശേഷം, അതേ ട്രാക് റെക്കോഡ് നിരത്തിയാണ് വെള്ളാപ്പള്ളി മൈക്രോഫിനാൻസ് നൽകാൻ കോടികൾ പിന്നെയും വായ്പയായി വാങ്ങുന്നത്.
ചില സ്വകാര്യബാങ്കുകളും ചുരുക്കംചില പൊതുമേഖലാബാങ്കുകളും ഈ തട്ടിപ്പിന് ഒത്താശചെയ്യുന്നുമുണ്ട്. ബാങ്കിൽ അടക്കേണ്ട തുക കൃത്യമായി തിരിച്ചടക്കുമ്പോൾ ഒരു വിഹിതം ഇവർ വെള്ളാപ്പള്ളിക്ക് കമ്മീഷനായും നൽകും. സ്വകാര്യബാങ്കിൽനിന്ന് തരപ്പെടുത്തിയ വായ്പകളിൽ പലതിനും കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ എത്രരൂപ വായ്പയെടുത്തുവെന്നോ എത്ര വിതരണം ചെയ്‌തെന്നോ കൃത്യമായി പറയാൻ സാധിക്കില്ല.

സ്വാശ്രയസംഘങ്ങളെ പൊതുമേഖലാ ബാങ്കുകളിൽനിന്ന് അകറ്റിനിർത്താനാണ് എല്ലാ കാലത്തും എസ്.എൻ.ഡി.പി യോഗനേതൃത്വം ശ്രമിച്ചുപോന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കംനിൽക്കുന്ന സമുദായ അംഗങ്ങൾ ബാങ്കിനെ നേരിട്ടുസമീപിച്ചാൽ കബളിപ്പിക്കപ്പെടുമെന്ന് പറഞ്ഞുപരത്തിയാണ് അവരെ ചൊൽപ്പടിയിലാക്കുന്നത്. ഓരോ സംഘങ്ങളും പ്രാദേശികമായി ബാങ്കുകളെ നേരിട്ട് സമീപിച്ചാൽ വായ്പകൾക്ക് വൻതുക പലിശയായി നൽകേണ്ടിവരുമെന്ന് പറഞ്ഞ് വിരട്ടൽ തുടരും. എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് നേരിട്ട് വായ്പ തരപ്പെടുത്തി വിതരണം ചെയ്താൽ തുച്ഛമായ പലിശനിരക്കിൽ കാര്യം സാധിക്കാമെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാമെന്നും പറഞ്ഞാണ് പാവങ്ങളെ പറ്റിക്കുന്നത്.