കൊല്ലം: സിയാച്ചിനിൽ ഹിമപാതത്തിൽ കുടുങ്ങി മരിച്ച കാശ്മീർ റജിമെന്റിലെ ലാൻസ് നായിക് ബി.സുധീഷിന്റെ (31) മൃതദേഹം നാളെ ജന്മനാട്ടാ കൊല്ലത്ത മൺട്രോ തുരത്തിലെത്തിക്കും. സുധീഷ് മരിച്ചതായി ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സുധീഷിന്റെ റെജിമെന്റിലെ സുബോധർ മേജറാണ് സഹോദരനും സൈനികനുമായ സുരേഷിനെയും സഹോദരീ ഭർത്താവ് ജയപാലനെയും മരണവിവരം അറിയിച്ചത്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ സുധീഷിന്റെ മൃതദേഹം ഇപ്പോഴും സിയാച്ചിനിലെ ബേസ് ക്യാമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകുംവരെയും ഹെലികോപ്ടറിന് ലാൻഡ് ചെയ്യാനാകാത്ത വിധം ഇവിടെ അന്തരീക്ഷത്തിൽ മഞ്ഞ് മൂടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ മൃതദേഹം ജമ്മുകാശ്മീരിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്ന് നാട്ടിലെത്തിക്കും. ഈ സ്ഥിരീകരണം എത്തിയതോടെ ഒരു നാടാകെ ദുഃഖത്തിലായി. സുധീഷിനെ ജീവനോടെ കണ്ടെത്തിയെന്ന് അഭ്യൂഹം പരന്നപ്പോഴുണ്ടായ സന്തോഷമാണ് അകലുന്നത്.

ഈമാസം മൂന്നിനാണ് ഹിമപാതത്തിൽപെട്ട് സിയാച്ചിനിൽ പത്തു സൈനികരെ കാണാതാകുന്നത്. അന്നുമുതൽ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് ദിവസം മുമ്പ് ലാൻസ് നായിക് ഹനുമന്തപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായിരുന്നു. ലാൻസ് നായിക് ഹനുമന്തപ്പയെ കണ്ടെത്തിയത് കരസേനയുടെ വിദഗ്ധ സംഘവും വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലാണ്. ഇതിനിടെയാണ് സുധീഷിനേയും ജീവനോടെ കണ്ടുവെന്ന വാർത്ത പരന്നത്. എന്നാൽ ഇത് വ്യോമസേന നിഷേധിച്ചിരുന്നു. എഴാം ദിവസമാണ് സുധീഷിന്റെ മൃതദേഹം കിട്ടിയത്. ഇതോടെ നാടും വീടും ദുഃഖത്തിലായി.

മൺട്രോതുരുത്ത് വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയിൽ ബ്രഹ്മപുത്രന്റെയും പുഷ്പവല്ലിയുടെയും മകനാണ്. എസ്.എൻ കോളേജിലെ മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥിനി സാലുവാണ് ഭാര്യ. മൂന്നരമാസം പ്രായമുള്ള മീനാക്ഷി മകളാണ്. പൂർണമായ ഔദ്യോഗിക ബഹുമതികളോടെയാകും സുധീഷിന്റെ സംസ്‌കാരം. ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ ഊട്ടിയിൽ നിന്ന് രണ്ട് സൈനിക ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം, സുധീഷ് പഠിച്ചിരുന്ന മൺട്രോതുരുത്ത് ഗവ.എൽ.പി.എസിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

സിയാച്ചിനിൽ സുധീഷ് ഉൾപ്പടെ പത്തു പേരടങ്ങിയ ജൂനിയർ കമ്മിഷണർ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തങ്ങിയിരുന്ന സൈനിക പോസ്റ്റിന് മുകളിൽ കഴിഞ്ഞ രണ്ടിന് 25 അടിയോളം ഉയരത്തിൽ മഞ്ഞുപാളികൾ വീഴുകയായിരുന്നു.