ജയ്പുർ: മോശം കാലാവസ്ഥയെ തുടർന്നു വഴിതിരിച്ചുവിട്ട വിമാനം റാഞ്ചിയെന്നു പറഞ്ഞു യാത്രക്കാരന്റെ ട്വീറ്റ്. മുംബൈയിൽനിന്നു ഡൽഹിക്കുപോയ ജെറ്റ് എയർവെയ്‌സ് വിമാനം റാഞ്ചിയെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് യാത്രക്കാരൻ ട്വീറ്റ് ചെയ്തത്. മോശം കാലാവസ്ഥയെ തുടർന്നാണു വിമാനം ജയ്പൂരിലേക്കു വഴിതിരിച്ചുവിട്ടത്. മൂന്നുമണിക്കൂറോളം നിലത്തിറങ്ങാതിരുന്നതോടെ പരിഭ്രാന്തിയിലായ യാത്രക്കാരനാണു വിമാനം റാഞ്ചിയെന്നു പറഞ്ഞു ട്വീറ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ 176 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

'ജെറ്റ് എയർവെയ്‌സ് വിമാനത്തിൽ മൂന്നുമണിക്കൂറുകളായി കുടുങ്ങിയിരിക്കുകയാണ്. വിമാനം റാഞ്ചിയെന്നാണു തോന്നുന്നത്. ദയവായി സഹായമെത്തിക്കൂ' യാത്രക്കാരൻ മോദിക്കു ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെ വിശദീകരണവുമായി ജെറ്റ് എയർവെയ്‌സ് മറുപടി നൽകുകയും ചെയ്തു. 'ഞങ്ങളുടെ 9ണ355 വിമാനം മോശം കാലാവസ്ഥയെ തുടർന്നു വൈകുകയാണെ'ന്നായിരുന്നു അവരുടെ സന്ദേശം. എന്നാൽ കൃത്യമായ വിശദീകരണം നൽകി ഇതു സ്ഥിരീകരിക്കാനാകുമോയെന്നായിരുന്നു യാത്രക്കാരന്റെ മറു ചോദ്യം. മുംബൈയിൽനിന്നു ഡൽഹിയിലേക്കു പറന്ന മറ്റു വിമാനങ്ങൾക്കു മുന്നോട്ടുപോകാൻ അനുമതി നൽകിയെന്നും ഇയാൾ ട്വീറ്റ് ചെയ്തിരുന്നു.

ജയ്പൂർ വിമാനത്താവളത്തിലെത്തിയ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഡൽഹിയിലിറങ്ങിയതിനു ശേഷവും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. സുരക്ഷാ ഭീഷണി ഉന്നയിച്ചു യാത്രക്കാരൻ ട്വീറ്റ് ചെയ്തിരുന്നുവെന്നും നടപടികളെടുത്തുവെന്നും ജെറ്റ് എയർവെയ്‌സ് വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിവരം സിഐഎസ്എഫ്, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്), പ്രാദേശിക എൻഫോഴ്‌സ്‌മെന്റ് വിഭാഗം തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോശം കാലാവസ്ഥയെ തുടർന്ന് അഞ്ച് ജെറ്റ് എയർവെയ്‌സ്, ഒരു ഒമാൻ വിമാനം തുടങ്ങിയവ ജയ്പൂരിലേക്കു തിരിച്ചുവിട്ടതായി വിമാനത്താവള ഡയറക്ടർ എംപി.ബൻസൽ പറഞ്ഞു.