കാസർഗോഡ്: ബദിയടുക്ക- ഏത്തടുക്കയിലെ അംഗൻവാടി ടീച്ചറായ ആയിഷ ജീവനൊടുക്കിയത് വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിരന്തര ഭീഷണിയെത്തുടർന്നെന്ന് നാട്ടുകാർ. കഴിഞ്ഞ മാസം 24 നാണ് ആയിഷ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ കൊണ്ടുപോകവേ മരിച്ചത്. 30 കാരിയായ ആയിഷയെ കർണ്ണാടക സ്വദേശിയായ ഭർത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു.

അടുത്ത കാലത്ത് ഭാര്യയും കുട്ടികളുമുള്ള ഒരു യുവാവുമായി ആയിഷ അടുപ്പത്തിലായിരുന്നുവെന്നാണ് പറയുന്നത്. അവരുടെ ബന്ധുക്കൾക്ക് ഇതിൽ അനിഷ്ടമുണ്ടായിരുന്നു. അവരോടൊപ്പം ചേർന്ന് വനിതാ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് രണ്ടു വനിതകളും ചേർന്ന് ആയിഷയെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആക്ഷേപം. ഇതാണ് ആയിഷയെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് സിപിഐ.(എം, )കോൺഗ്രസ്സ്, ബിജെപി എന്നീ കക്ഷികളിലെ പ്രാദേശിക നേതാക്കളും ആരോപിക്കുന്നു.

കഴിഞ്ഞ ആറ് വർഷക്കാലമായി മുനിയൂരിലെ അംഗൻവാടി ടീച്ചറായി ജോലി ചെയ്തു വരികയാണ് ആയിഷ. അംഗൻവാടി പരിധിയിലുള്ള വീട്ടമ്മമാർക്കും കുട്ടികൾക്കും ആയിഷ പ്രിയങ്കരിയായിരുന്നു. എല്ലാവരോടും സൗഹൃദ സമീപനം പുലർത്തുന്ന ആയിഷയുടെ മരണം ഇന്നും അവർക്ക് അംഗീകരിക്കാനാവുന്നില്ല. ഏത്തടുക്കയിലെ മൊയ്തീന്റേയും അവ്വമ്മയുടേയും മകളാണ് മരണമടഞ്ഞ ആയിഷ. ആയിഷ ജീവനൊടുക്കുന്നതിന് രണ്ടു ദിവസം മുമ്പ് പഞ്ചായത്ത് പ്രസിഡണ്ടിന്റേയും കുടുംബത്തിന്റേയും പീഡനവും ഭീഷണിയും മൂലം തനിക്ക് ജീവിക്കാൻ കഴിയാതായിരിക്കയാണെന്ന് പ്രദേശത്തെ ഒരു പൊതുപ്രവർത്തകനോട് ആയിഷ പറഞ്ഞതായ വിവരം പുറത്തുവന്നിട്ടുണ്ട്. ആയിഷ തന്നെ ഇക്കാര്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോടും പറഞ്ഞിരുന്നു.

മുസ്ലിം ലീഗുകാരിയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്ത് വാഹനത്തിൽ അംഗൻവാടിയിലെത്തി ആയിഷയെ ഭീഷണിപ്പെടുത്തിയതായും അംഗൻവാടിയിലെ ജോലി രാജിവക്കാൻ നിർബന്ധിച്ച് വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങിയതായും ആയിഷ പരാതിയിൽ പറഞ്ഞതായാണ് വിവരം. കഴിഞ്ഞ നവംബർ മൂന്നാം തീയ്യതി അംഗൻവാടിയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞു നിർത്തി ആഭരണങ്ങൾ പൊട്ടിച്ചെടുത്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എ.ടി.എം. കാർഡും മൊബൈൽ ഫോണും തട്ടിപ്പറിച്ച് പിൻ നമ്പർ ഭീഷണിപ്പെടുത്തി വാങ്ങുകയും ആയിഷയുടെ അക്കൗണ്ടിൽ നിന്ന് 30,000 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മൂന്നുതവണ ആയിഷക്കു നേരെ അക്രമം നടന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്.

ആയിഷയുടെ അപമൃത്യുവിനെക്കുറിച്ച് സിഐ റാങ്കിലുള്ള വനിതാ പൊലീസിനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നിരിക്കയാണ്. കോൺഗ്രസ്സ്, സിപിഐ.(എം,)ബിജെപി. കക്ഷികളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആയിഷ ജീവനൊടുക്കാനിടയായ ഭീഷണിക്ക് പിറകിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിഷയുടെ മാതാപിതാക്കളും ജില്ലാ പൊലീസ് ചീഫ് തോംസ് ജോസിന് പരാതി നൽകിയിട്ടുണ്ട്. ഇനിയും ഇക്കാര്യത്തിൽ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു രംഗത്തിറങ്ങുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.