കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ സിപിഐ.(എം)യുടെ ശക്തിദുർഗമാണ് ബേഡകം മേഖല. ബേഡകത്തെ കുറ്റിക്കോൽ പഞ്ചായത്താണെങ്കിൽ പാർട്ടിയുടെ പൊന്നാപുരം കോട്ടയാണ്. എന്നാൽ ഈ പാർട്ടിഗ്രാമത്തിൽ നിന്നും 200 ലേറെപേർ ഘടക കക്ഷിയായ സിപിഐ. യിലേക്ക് ചേക്കേറുന്നതു നോക്കിനിൽക്കാൻ മാത്രമേ നേതൃത്വത്തിനാവുന്നുള്ളൂ. ചെങ്കൊടിയും ചെഗുവേര ചിത്രങ്ങളും പാർട്ടിസ്തൂപങ്ങളും ഭൂരിപക്ഷമുള്ള ഈ മേഖലയിൽ മറ്റൊരു ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുകയാണ് ഒട്ടേറെ സഖാക്കൾ.

പി. ഗോപാലൻ മാസ്റ്ററെന്ന പാർട്ടിയുടെ മുൻ അമരക്കാരൻ ഇനി അണികളോടൊപ്പം സിപിഐ.യെ നയിക്കും. സിപിഐ. യാണെങ്കിൽ പഠിച്ച പണി പതിനെട്ടെടുത്തും ഗോപാലൻ മാസ്റ്റരേയും അണികളേയും സ്വീകരിക്കാൻ ഒരുങ്ങിയിരിക്കയാണ്. മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. വരുന്ന 17 -ാം തീയ്യതി സിപിഐ.(എം). വിമതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ സിപിഐ.യിൽ ചേരും. സിപിഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പുതിയഅംഗങ്ങൾക്ക് അംഗത്വം നൽകും.

പാർട്ടിയിൽ ചേരുന്നവർക്ക് ആവേശം നല്കാൻ അവരവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് താത്ക്കാലിക ജോലിയെങ്കിലും തരപ്പെടുത്തി തരുമെന്ന വാഗ്ദാനം കൂടി സിപിഐ.ക്കാർ രഹസ്യമായി നൽകുന്നുണ്ട്. ഇതെല്ലാം സിപിഐ.(എം) നോക്കിക്കാണുന്നുമുണ്ട്. അതിനുള്ള മറുപടിയെന്നോണം മഞ്ചേശ്വരം മേഖലയിലുള്ള അസംതൃപ്തരായ സിപിഐ.ക്കാരെ നോട്ടമിട്ടിരിക്കയാണ് സിപിഐ.(എം). ഏതായാലും വയലിൽ പണി, വരമ്പത്ത് കൂലിയെന്ന് സിപിഐ. മുമ്പാകെ തെളിയിക്കുമോ എന്നാണ് ജില്ലയിലുള്ളവർ പ്രതീക്ഷിക്കുന്നത്. നേരത്തെ സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റിക്കോലിൽ വന്ന് സിപിഐ.(എം). വിട്ടവരെ സ്വീകരിക്കുമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ നിന്നും സിപിഐ.(എം). കാർ സിപിഐയിൽ ചേർന്നതുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ ചടങ്ങിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയായിരുന്നു.

ഏറെക്കാലമായി സിപിഐ.(എം). ബേഡകം ഏരിയയിലെ പ്രവർത്തകരിൽ വിഭാഗീയത നിലനിൽക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ജില്ലാ - സംസ്ഥാന പാർട്ടി നേതൃത്വത്തിന്റെ ഫലം കണ്ടില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിമതരായ പി.ഗോപാലൻ മാസ്റ്ററും അണികളും പാർട്ടിയോടൊപ്പം നിന്ന് നല്ല പ്രവർത്തനം കാഴ്ചവച്ചിരുന്നു. എന്നാൽ ഇതേ തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഗോപാലൻ മാസ്റ്ററേയും കൂടെയുള്ളവരേയും സഹകരിപ്പിച്ചതിൽ ഒരു വിഭാഗം വിമർശനമുയർത്തി. ഇതോടെ ഏരിയാ കമ്മിറ്റി യോഗത്തിലും ലോക്കൽ കമ്മിറ്റി യോഗങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചും അണികൾ നിലകൊണ്ടു. ചിലർ ഇറങ്ങിപ്പോയി.

ഇതേ തുടർന്നാണ് ഇനി സിപിഐ.(എം)യിൽ നിൽക്കേണ്ടെന്നും സിപിഐ.യുമായി ചേർന്ന് പ്രവർത്തിക്കാമെന്നും വിമതർ നിലപാടെടുത്തത്. സിപിഐ.(എം). കോട്ടകളിൽ ഭിന്നത പറഞ്ഞു തീർക്കുന്നതിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേതാക്കൾ മികവ് പ്രകടിപ്പിക്കാറുണ്ടെങ്കിലും കുറ്റിക്കോലിലെ പ്രശ്നങ്ങളിൽ ഒത്തു തീർപ്പു സാധ്യത അവസാനിച്ചിരിക്കയാണ്.