തിരുവനന്തപുരം: യു.വിമൽകുമാർ, ഒളിംപ്യൻ വി.ദിജു, സനേവ് തോമസ്, ജോർജ് തോമസ് തുടങ്ങി നിരവധി ദേശീയ താരങ്ങളെ കായികലോകത്തിന് സമ്മാനിച്ച പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് നിര്യാതനായ പേട്ട ആനയറ മധുമുക്ക് ലെയ്ൻ 'ശിവസുധ'യിൽ എസ്.ബാലചന്ദ്രൻ നായർ.പത്ത് വർഷക്കാലത്തോളം ഇന്ത്യൻ ബാഡ്മിന്റൻ ടീമിന്റെ പരിശീകനായിരുന്നു അദ്ദേഹം.

സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കോച്ചായിരുന്ന കാലത്താണ്. സായിയുടെ ബെംഗളൂരു, തൃശൂർ, തിരുവനന്തപുരം എൽഎൻസിപിഇ കേന്ദ്രങ്ങളിൽ ദീർഘകാലം പരിശീലകനായിരുന്നു. കേരള സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. കേരള സ്പോർട്സ് കൗൺസിൽ പരിശീലകരുടെ സൊസൈറ്റി രൂപീകരിക്കുന്നതിനു നേതൃത്വം നൽകി.

10 വർഷത്തിലേറെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന ബാലചന്ദ്രൻ നായർ ഒട്ടേറെ രാജ്യാന്തര മത്സരങ്ങളിൽ ടീമിനെ അനുഗമിച്ചിട്ടുണ്ട്. മൂന്നു തവണ ദ്രോണാചാര്യ അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന ആഗ്രഹം ബാക്കിയാക്കിയാണു വിയോഗം.

കഴിഞ്ഞ 9ന് കോവിഡ് പോസിറ്റീവായ അദ്ദേഹത്തെ ശ്വാസതടസ്സത്തെത്തുടർന്നു ശനിയാഴ്ച വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെയോടെ മരിച്ചു.സംസ്‌കാരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടത്തി.

ഭാര്യ: സിവിൽ സപ്ലൈസ് വകുപ്പ് മുൻ ഉദ്യോഗസ്ഥ വൽസലകുമാരി. മക്കൾ: പ്രിയ ചന്ദ്രൻ (ജർമനി), പ്രിജ ചന്ദ്രൻ (എംബിഎ വിദ്യാർത്ഥിനി).