ക്വാലാലംമ്പൂർ: മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം മലേഷ്യയുടെ ലീ ചോങ് വെയ്ക്ക് അർബുദമെന്ന് സ്ഥിരീകരണം. ലോക ബാഡ്മിന്റണിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാ ലീ ശ്വാസതടസ്സത്തിന് ചികിത്സയിലാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ലീയ്ക്ക് മൂക്കിനെ ബാധിക്കുന്ന അർബുദമാണെന്ന് ഇപ്പോൾ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുകയാണ്.

ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് മലേഷ്യയാണ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ലീയുടെ രോഗവിവരം സ്ഥിരീകരിച്ചത്. മൂക്കിലെ അർബുദത്തിന്റെ തുടക്കമാണെന്ന് അസോസിയേഷൻ പറഞ്ഞു. രോഗത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ താരത്തിന്റെ സ്വകാര്യത മാനിക്കണമെന്ന ഒരു അഭ്യർത്ഥന കൂടി വച്ചിട്ടുണ്ട് പ്രസിഡന്റ് ഡാറ്റുക് സെരി നോർസ സക്കരിയ പുറത്തിറക്കിയ കുറിപ്പിൽ.

ലീ തായ്‌വാനിൽ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും സക്കരിയ പറഞ്ഞു. ലീയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും അതുകൊണ്ട് ഏതാനും ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അസോസിയേഷൻ തന്നെയാണ് ഏതാനും മാസങ്ങൾക്ക് മുൻപ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

എന്നാൽ, ലീ മൂക്കിലെ അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് അസോസിയേഷൻ വിശദീകരണവുമായി രംഗത്തുവന്നത്.മൂന്ന് ഒളിമ്പിക് വെള്ളിയും മൂന്ന് ലോക ചാമ്പ്യൻഷിപ്പ് വെള്ളിയും നേടിയ താരമാണ് ലീ. ചൈനയുടെ ലിൻ ഡാനുമായുള്ള കോർട്ടിലെ വൈരത്തിന്റെ ഇതിഹാസ പരിവേഷമാണുള്ളത്.