- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റേഷനിലേക്ക് വരുന്ന പൊലീസുകാരെല്ലാം തെറിവിളിച്ചു; കാലിന് ലാത്തി കൊണ്ട് അടിക്കുകയും ഉയരത്തിൽ ചാടാൻ ആവശ്യപ്പെടുകയും ചെയ്തു; ഭക്ഷണം കൊണ്ടുവന്ന് പറഞ്ഞത് 'നക്കെടാ നായിന്റെ മോനെയെന്ന്'; വണ്ടൂരിൽ പൊലീസ് മർദ്ദനത്തിന് ഇരയായ ബാദുഷ സ്റ്റേഷനിലും ഏൽക്കേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു മറുനാടനോട്
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂർ വാണിയമ്പലത്ത് വെച്ച് പൊലീസ് മർദ്ദനമേറ്റ വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി ബാദുഷക്ക് പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷവും മർദ്ദനമേറ്റതായി വെളിപ്പെടുത്തൽ. സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ലാത്തികൊണ്ട് കാലിൽ അടിച്ചെന്നും ഉയരത്തിൽ ചാടിച്ചെന്നും ബാദുഷ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാദുഷക്ക് വാണിയമ്പലം മാർക്കറ്റിന് സമീപത്ത് വെച്ച് പൊലീസിന്റെ മർദ്ദനം ഏൽക്കേണ്ടി വന്നത്. ബാദുഷയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. സംഭവത്തിന് ശേഷം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവിയോട് ജില്ല കളക്ടർ ആവശ്യപ്പെടുകയും ചെയ്തു.
പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷവും പൊലീസുകാർ തന്നെ മർദ്ദിച്ചിരുന്നതായി ബാദുഷ മറുനാടൻ മലയാൽയോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഏറ്റവും അടുത്തുള്ള മാർക്കറ്റ് എന്ന നിലയിൽ വാണിയമ്പലത്തേക്ക് പോകുന്നത്. കൈയിൽ വാഹനത്തിന്റെ എല്ലാ രേഖകളും സത്യവാങ്മൂലവുണ്ടായിരുന്നു. പൊലീസ് പ്രചരിപ്പിക്കുന്ന പോലെ ഞാൻ എല്ലാ ദിവസവും പുറത്തിറങ്ങുന്ന ആളൊന്നുമല്ല. വണ്ടൂരിലുള്ള ആൾ എന്തിനാണ് വാണിയമ്പലത്തേക്ക് പോകുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. സത്യത്തിൽ എന്റെ വീട്ടിൽ നിന്ന് വണ്ടൂരിലേക്കും വാണിയമ്പലത്തേക്കും ഒരേ ദൂരമാണ്.
മാത്രവുമല്ല വണ്ടൂരിനെ അപേക്ഷിച്ച് തിരിക്ക് കുറവായിരിക്കും എന്ന നിലയിലാണ് വാണിയമ്പലത്തേക്ക് പോയതും. വാണിയമ്പലം മാർക്കറ്റിന് സമീപത്ത് വച്ചാണ് പൊലീസ് എന്നെ തടയുന്നത്. വാഹനത്തിന്റെ എല്ലാ രേഖകളും എന്റെ പക്കലുണ്ടായിരുന്നു. ഹെൽമറ്റും രണ്ട് മാസ്കുകളും ധരിച്ചിരുന്നു. സത്യവാങ്മൂലവും എന്റെ പക്കലുണ്ടായിരുന്നു. എന്നാൽ സത്യവാങ്മൂലം പൂർണ്ണമല്ല എന്ന് പറഞ്ഞ് പൊലീസ് എന്നെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ് ചെയതത്. ഈ സമയത്ത് ഇതുവരെ വന്നതല്ലെ അതുകൊണ്ട് ഞാൻ നിൽക്കുന്നതിന്റെ തൊട്ടടുത്ത് തന്നെയുള്ള മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കോട്ടെ എന്ന് ചോദിച്ചതോടെ പൊലീസിന്റെ സ്വഭാവം മാറി. അവർ വാഹനം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഞാൻ തിരികെ പൊയ്ക്കോളാം വാഹനം കസ്റ്റഡിയിലെടുക്കരുത് എന്ന് പറഞ്ഞെങ്കിലും അവർ കേട്ടില്ല. മാത്രവുമല്ല അവർ എന്നെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു.
ആദ്യം മൂന്ന് പൊലീസുകാർ എന്നെ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ എതിർത്തു. പിന്നീട് കൂടുതൽ പൊലീസുകാർ വന്ന് എന്നെ ക്രൂരമായി മർദ്ദിക്കുകയും ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്തു. ഈ സമയത്തെല്ലാം പൊലീസുകാർ എന്റെ കാലുകളിൽ ശക്തിയോടെ അടിക്കുന്നത് വീഡിയോകളിൽ വ്യക്തമാണ്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷവും അവർ മർദ്ദനം തുടർന്നു. സ്റ്റേഷനിൽ എത്തിയതിന് ശേഷം അര മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് നേരത്തെ അങ്ങാടിയിൽ വെച്ച് മർദ്ദിച്ച പൊലീസ് സംഘം വരുന്നത്. അവർ വരുന്നവരെല്ലാം കേട്ടാലറക്കുന്ന തെറികളാണ് വിളിച്ചത്. നായിന്റെ മോനെയെന്നാണ് എല്ലാവരും വിളിച്ചത്. പിന്നീട് ഒരു പൊലീസുകാർ ലാത്തി കൊണ്ട് വന്നു. മറ്റൊരു പൊലീസുകാർ എന്റെ കാൽമുട്ടുകളിൽ ചവിട്ടിപിടിച്ചു.
ലാത്തികൊണ്ടുവന്ന പൊലീസുകാരൻ കാലിന്റെ അടിഭാഗത്ത് ലാത്തികൊണ്ട് അടിച്ചു. ഓരോ അടിക്ക് ശേഷവും എഴുന്നേറ്റ് ഉയരത്തിൽ ചാടാൻ പറയും . വേദന സഹിച്ചും ഞാൻ പരമാവധി ഉയരത്തിൽ ചാടി. പിന്നീടാണ് ഭക്ഷണം കൊണ്ടുവന്നത്. ഭക്ഷണം മുന്നിലേക്ക് തന്നിട്ട് നക്കെടാ നായിന്റെ മോനെയാന്നാണ് പറഞ്ഞത്. അപ്പോഴേക്കും മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണം എത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ബന്ധുക്കൾക്കൊപ്പം എന്നെ ജാമ്യത്തിൽ വിട്ടത്.
പൊലീസ് മർദ്ദിച്ചതിന്റെ വേദന ഇപ്പോഴുമുണ്ട് കാലുകളിൽ. ഇന്നും ആശുപത്രിയിൽ പോയിരുന്നു. വാഹനം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇത്രയേറെ മർദ്ദിച്ചിട്ടും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിലും ചില വാർത്ത ചാനലുകളിലും പൊലീസ് പറയുന്നതാണ് പ്രചരിക്കുന്നത്. ആരും എന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും ബാദുഷ മറുനാടൻ മലയാളിയോട് പറഞ്ഞു.