- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾക്ക് ഒരു ഹാൻഡ് ബാഗ് മാത്രം; വിമാന കമ്പനികളോട് നിയന്ത്രണം കടുപ്പിക്കാൻ നിർദ്ദേശിച്ച് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ; ഹാൻഡ് ബാഗിനൊപ്പം ലാപ്ടോപിനും ലേഡീസ് വാനിറ്റി ബാഗിനും ഒഴിവ്
വിമാനയാത്രക്കാർ, വിമാനത്തിലെ ക്യാബിനുള്ളിൽ ഒരു ബാഗു മാത്രമെ കൊണ്ടുപോകാൻ പാടുള്ളു എന്ന നിയമം കർശനമായി പാലിക്കണമെന്ന് സി ഐ എസ് എഫ് വിമാനത്താവള അധികൃതർക്കും വിമാനക്കമ്പനികൾക്കും കർശന നിർദ്ദേശം നൽകി. നേരത്തേ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി (ബി സി എ എസ്) പുറപ്പെടുവിച്ചിട്ടുള്ള ഒരാൾക്ക് ഒരു ബാഗ് എന്ന നിയമം കർശനമായി പാലിക്കണമെന്നാണ് സി ഐ എസ് എഫ് നിർദ്ദേശിച്ചിരിക്കുന്നത്.
ബിസി എ എസ്, എ വീ എസ് ഇ സി സർക്കുലർ നമ്പർ 06/2000, 11/2000 എന്നിവ പ്രകാരം ഒരു യാത്രക്കാരന് ഒന്നിലധികം ഹാൻഡ് ബാഗുകൾ വിമാനത്തിൽ കയറ്റാൻ അനുവാദമില്ല. ലേഡീസ് വാനിറ്റി ബാഗ്, ലാപ്ടോപ് തുടങ്ങിയവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പലപ്പോഴും യാത്രക്കാർ രണ്ടു മുതൽ മൂന്ന് ബാഗുവരെ സ്‌ക്രീനിങ് പോയിന്റിലേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സി ഐ എസ് എഫ് പറയുന്നു.
ഒരാൾക്ക് ഒരു ബാഗ് എന്ന നിയമത്തെ കുറിച്ച് യാത്രക്കാർക്ക് മനസ്സിലാക്കാനായി ബോർഡിങ് പാസ്സുകൾക്ക് മുകളിലും ടിക്കറ്റിനു മുകളിലും അത് പ്രദർശിപ്പിക്കണമെന്നും ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ വിമാനത്താവള അധികൃതരോടും ഇക്കാര്യം വ്യക്തമാക്കി സൈൻ ബോർഡുകളും ഹോർഡിംഗുകളും സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിലവിലുള്ള നിയമമാണെന്നും അത് നടപ്പാക്കുക മാത്രമാണെന്നും അധികൃതർ അറിയിച്ചു.
ഇതനുസരിച്ച് ഒരു യാത്രക്കാരന് 115 സെ. മീ നീളം, വീതി, ഉയരമുള്ള ഒരു ഹാൻഡ്ബാഗ് വിമാനത്തിനുള്ളിൽ കയറ്റാൻ കഴിയും. സർക്കാർ നിയമത്തിൽ ഭാരം പ്രത്യേകമായി എടുത്തു പറയുന്നില്ലെങ്കിലും വിമാനക്കമ്പനികൾ 7 കിലോ വരെ തൂക്കമുള്ള ബാഗ് മാത്രമെ അനുവദിക്കൂ എന്നാണ് പറയുന്നത്. ഇതുകൂടാതെ വിമാനത്തിനുള്ളിൽ കൂടെ കൊണ്ടുപോകാവുന്ന മറ്റു സാധനങ്ങൾ താഴെ പറയുന്നവയാണ്.
ലേഡീസ് ഹാൻഡ്ബാഗ്, ഓവർക്കോട്ട്, ബ്ലാങ്കറ്റ്, ക്യാമറ അല്ലെങ്കിൽ ബൈനോക്കുലർ, വിമാനത്തിനുള്ളിൽ വായിക്കാനായുള്ള പുസ്തകങ്ങൾ, കുട അല്ലെങ്കിൽ വാക്കിങ്സ്റ്റിക്ക്, കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകുന്നുണ്ടെങ്കിൽ അവർക്കുള്ള ഭക്ഷണം, ഡ്യുട്ടീ ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ഏതെങ്കിലും സമ്മാനങ്ങൾ, ലാപ്ടോപ് എന്നിവ ഹാൻഡ് ബാഗിനെ കൂടാതെ വിമാനത്തിൽ കൂടെ കൊണ്ടു പോകാം.
മറുനാടന് മലയാളി ബ്യൂറോ