ദുബായ്: തിരുവനന്തപുരം-ദുബായ് വിമാനം തീപിടിച്ചതിന് ശേഷം ശേഷം കേരളത്തിലേയ്ക്ക് പോയ യാത്രക്കാരിൽ മിക്കവർക്കും ബാഗേജുകൾ ലഭിച്ചില്ല. എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് പോയവർക്കാണ് ബാഗേജുകൾ ലഭിക്കാത്തത്. കേരളത്തിലേയ്ക്ക് കൂടാതെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രക്കാർക്കും ബഗേജുകൾ ലഭ്യമായിട്ടില്ല. ആയിരക്കണക്കിന് ബഗേജുകളാണ് ലഭിക്കാതായത്.

എമിറേറ്റ്‌സ് വിമാനം ദുബായിൽ തീ പിടിച്ച് റൺവേ കേടായതിനെ തുടർന്ന് ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും സമയം താളം തെറ്റുകയും ചെയ്തിരുന്നു. ഇതോടെയാണ് താളം തെറ്റിയത്. പിന്നീട്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ടവർക്കാണ് ബഗേജുകൾ കിട്ടാത്തത്. ഇക്കാര്യത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻ അധികൃതർ ക്ഷമാപണം നടത്തി. ബഗേജുകൾ യാത്രക്കാർക്ക് എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് തങ്ങളെന്ന് അറിയിച്ചു.

ബഗേജുകൾക്ക് ആറ് ദിവസം വരെ കാത്തിരിക്കണമെന്നാണ് അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറയുന്നു. വേനലവധി ആഘോഷിക്കാനും വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനും യാത്ര തിരിച്ചവരാണ് ഇന്ത്യൻ യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ കുട്ടികളുടേതടക്കമുള്ളവരുടെ വസ്ത്രങ്ങൾ പോലും ബാഗുകളിലാണ് ഉള്ളത്. ഇത് ഏറെ ബുദ്ധിമുട്ടുമുണ്ടാക്കുന്നു. ഈ പ്രശ്‌നത്തിന്റെ യാഥാർത്ഥകാരണം ഇനിയും വ്യക്തമല്ലെന്നതാണ് വസ്തുത.

തിരുവനന്തപുരംദുബായ് എമിറേറ്റ്‌സ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ ഇടിച്ചിറക്കി. തുടർന്ന് തീപ്പിടിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. 226 ഭാരതീയരുൾപ്പെടെ 286 യാത്രക്കാരും 12 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബോയിങ് 777 വിഭാഗത്തിൽപ്പെട്ട ഇകെ 521 വിമാനമാണ് ദുരന്തത്തിനിരയായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ അപകടത്തിന് ശേഷമാണ് ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിൽ എമിറേറ്റ്‌സിന് പാകപിഴ തുടങ്ങിയത്.