- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ താലി ധരിക്കുന്നവരാണ്, ആരെ ആരാധിക്കുന്നുവെന്നത് നിങ്ങളുടെ വിഷയമല്ല; വീട്ടിലെ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്രംഗദൾ പ്രവർത്തകരോട് സ്ത്രീകൾ; വൈറലായി വീഡിയോ
ബംഗളുരു: ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്രംഗദൾ പ്രവർത്തകരെ വിരട്ടി സ്ത്രീകൾ. കർണാടകയിലെ തുമകുരുവിൽ ഡിസംബർ 28നാണ് സംഭവം. ബജ്രംഗദൾ പ്രവർത്തകർക്ക് സ്ത്രീകൾ മറുപടി നൽകുന്ന ദൃശ്യം പുറത്തുവന്നു.ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബിലിദേവാലയയിലെ രാമചന്ദ്ര എന്നയാളുടെ വീട്ടിലെത്തിയാണ് ബജ്രംഗദൾ പ്രവർത്തകർ എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് ചോദിച്ചത്. അതിലെന്താണ് തെറ്റെന്ന് വീട്ടിലുള്ള സ്ത്രീകൾ തിരിച്ചുചോദിച്ചു. തുടർന്ന് എന്തുകൊണ്ട് സിന്ദൂരമിടുന്നില്ല എന്നായി ഹിന്ദുത്വ പ്രവർത്തകരുടെ ചോദ്യം.ഹിന്ദു സ്ത്രീകൾ നെറ്റിയിൽ സിന്ദൂരമിടണമെന്ന് അവർ പറഞ്ഞു. ഇതൊന്നും ബജ്രംഗദളിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നന്ദിനിയെന്ന സ്ത്രീ മറുപടി നൽകി- 'നിങ്ങൾ ആരാണ് ചോദ്യം ചെയ്യാൻ? ഞങ്ങൾ താലി ധരിക്കുന്നവരാണ്. വീട്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നതിൽ എന്താണ് പ്രശ്നം? ഞങ്ങൾ ആരോടാണ് പ്രാർത്ഥിക്കുന്നത് എന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല'
എന്തിനാണ് ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചത് എന്നായി ബജ്രംഗദൾ പ്രവർത്തകരുടെ അടുത്ത ചോദ്യം. ഈ ചോദ്യത്തിന് തങ്ങൾ ഹിന്ദുക്കളാണെന്നും എന്നാൽ ക്രിസ്ത്യൻ വിശ്വാസങ്ങൾ പിന്തുടരുന്നവരാണെന്നും സ്ത്രീകൾ മറുപടി നൽകി. 'മതപരിവർത്തനം എവിടെയാണ് സംഭവിച്ചത്? നിങ്ങളുടെ പക്കൽ എന്തു തെളിവാണുള്ളത്? ക്രിസ്മസ് ആഘോഷിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്.'
തർക്കം തുടർന്നതോടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇരുകൂട്ടർക്കും പരാതിയുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് കുനിഗൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജു പറഞ്ഞു- 'ഞങ്ങൾക്ക് ഫോൺ കോൾ വന്നപ്പോൾ ഉടൻ സ്ഥലത്തെത്തി. രണ്ട് കൂട്ടരോടും സംസാരിച്ചു. കുടുംബം ക്രിസ്മസ് ആഘോഷിക്കുമ്പോൾ കുറച്ചുപേർ അവിടെയെത്തി ആഘോഷം തടസ്സപ്പെടുത്തുകയായിരുന്നു. വാഗ്വാദം മാത്രമാണുണ്ടായത്, അക്രമം ഉണ്ടായിട്ടില്ല. ഞങ്ങൾ കേസെടുത്തിട്ടില്ല' എന്നാണ് പൊലീസ് പറഞ്ഞത്.
കഴിഞ്ഞ ഒരു മാസമായി രാമചന്ദ്രയുടെ വീട്ടിൽ നിന്നും ക്രിസ്ത്യൻ പ്രാർത്ഥന കേൾക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗമാണ് അറിയിച്ചതെന്ന് ബജ്രംഗദൾ നേതാവ് രാമു ബജ്രംഗി പറഞ്ഞു. തുടർന്നാണ് ഒരു സംഘം ബജ്രംഗദൾ പ്രവർത്തകർ രാമചന്ദ്രയുടെ വീട്ടിലെത്തിയതെന്നും രാമു പറഞ്ഞു.
കർണാടകയിൽ ക്രിസ്ത്യൻ മതവിശ്വാസികൾക്കും പള്ളികൾക്കുമെതിരെ അതിക്രമം തുടരുകയാണ്. ഈ വർഷം 39 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം പോലും ഹിന്ദുത്വപ്രവർത്തകർ തടസ്സപ്പെടുത്തി.
Tumakuru. Women fight off Hindutva vigilantes who disrupted Christmas celebrations in Kunigal. The mob is asking the women why they are not wearing sindhoor like Hindus and why they are celebrating Christmas. Women respond saying they are Christian believers and wish to celebrate pic.twitter.com/Q9dR9muMaA
- Prajwal (@prajwalmanipal) December 30, 2021
മറുനാടന് മലയാളി ബ്യൂറോ