ചെന്നൈ: മലയാളി നടിമാർ വിലസുന്ന മേഖലയാണ് തമിഴ് സിനിമ. എന്നാൽ പലപ്പോഴും അറിയപ്പെടുന്ന നടിയായി മാറിയാൽ തലക്കനം കൂടും എന്ന ആരോപണം ഇവർക്ക് നേരത്തെയുണ്ട്. അത്തരമൊരു ആരോപണം ഇപ്പോൾ ഉയർന്നിരിക്കുന്നത് മലയാളി നായിക ഇനിയക്കെതിരെയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിംഗിന് വരാതെ മാറി നിന്നതാണ് സംവിധായകനെയും അണിയറ പ്രവർത്തകരെയും ചൊടിപ്പിച്ചത്. മുതിർന്ന നടൻ ഭാഗ്യരാജ് തന്നെയാണ് ഇനിയക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയത്.

സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ നിന്നുമാണ് കാരണം വ്യക്തമാക്കാതെ ഇനിയ മാറി നിന്നത്.നവാഗതരായ ജോയിസണും നിഖിൽ മോഹനും സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റഹ്മാനും ചിത്രത്തിലൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പരിപാടിയിൽ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.

' ചിത്രത്തിൽ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്ന മുകേഷ് അടക്കം ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായിക യാതൊരു കാരണവുമില്ലാതെ മാറി നിൽക്കുകയാണ്. നഷ്ടം അവർക്കുമാത്രമാണ് ക്രൂവിനല്ല. പ്രൊമോഷണൽ ഇവന്റുകളിൽ പങ്കെടുക്കുക എന്നത് ഓരോ ആർട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്.' എന്നായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.

സംവിധായകനും ചിത്രത്തിന്റെ നിർമ്മാതാവുമായ രാഹുലും ഇനിയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. 'ഫീമെയിൽ സെന്റ്രിക്കായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിന്നും നായിക മാറി നിൽക്കുന്നത് ശരിയല്ല. ഫോൺ ചെയ്തപ്പോൾ എടുത്തതുമില്ല. ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല. ചിത്രത്തിന്റെ നിർമ്മാതാവിനോട് മറുപടി പറയാൻ ഇനിയ ബാധ്യസ്ഥയാണ്.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ തന്റെ അസാന്നിധ്യത്തെ കുറിച്ച് ഇനിയ ഇതുവരേയും പ്രതികരിച്ചിട്ടില്ല.