മനാമ: ആഗോള വിപണിയിൽ എണ്ണ വിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബഹ്‌റൈനിൽ പെട്രോൾ വില കുത്തനെ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബഹ്‌റിൻ ഗവൺമെന്റ് ഈ തിരുമാനമെടുത്തിരിക്കുന്നത്. നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് അഥോറിറ്റി ഇതു സംബന്ധിച്ച ശുപ്പാർശ നേരത്തേ കാബിനറ്റിന് സമർപ്പിച്ചിരുന്നു. അതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.

60 ശതമാനം വരെയാണ് വില കൂട്ടിയത്. പുതിയ വില തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. വില കൂട്ടിയ വാർത്തയറിഞ്ഞ് പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്.

100 ഫിൽസ് ഉണ്ടായിരുന്ന മുംതാസ് പെട്രോളിന് 160 ആയും 80 ഫിൽസ് ഉണ്ടായിരുന്ന ജയ്യിദ് പെട്രോളിന് 125 ആയുമാണ് വർധിപ്പിച്ചിരിക്കുന്നത്. നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് അഥോറിറ്റിയുടെ ശിപാർശ പ്രകാരമാണ് വില വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഊർജ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ പറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വില 60 ശതമാനത്തലധികം കുറഞ്ഞ സാഹചര്യത്തിൽ പെട്രോൾ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുമാനം വൈവിധ്യവത്കരിക്കാനും രാജ്യ പുരോഗതിക്കും വില വർധന അനിവാര്യമാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിലൂടെ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 33 വർഷത്തിന് ശേഷമാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. ഇന്ധന ഉപഭോഗം കുറക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും വില വർധന വഴിവെക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിലേതിന് സമാനമായ വില വർധനയാണ് ബഹ്‌റൈനിലും നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്ന് മുതൽ ഡീസൽ, മണ്ണെണ്ണ സബ്‌സിഡി സർക്കാർ വെട്ടിക്കുറച്ചിരുന്നു. വിദേശികൾക്ക് മാംസ സബ്‌സിഡി നേരത്തെ എടുത്തുകളയുകയും വൈദ്യുതി വെള്ളം നിരക്ക് മാർച്ച് ഒന്ന് മുതൽ കൂട്ടാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് പുറമെ പെടോളിനും വില കൂട്ടിയത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും. മറ്റ് ഗൾഫ് രാജ്യങ്ങളെക്കാൾ ചെലവ് കുറവാണെന്നതിനാൽ ശരാശരി വരുമാനക്കാരും കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. പുതിയ സാഹചര്യത്തിൽ പലർക്കും കുടുംബത്തെ നാട്ടിലയക്കേണ്ടിവരും.