ലണ്ടൻ: ബോളിവുഡിലെ താരങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ വേണ്ടിയും സൂപ്പർകാറുകളുമായി യൂറോപ്യൻ രാജ്യങ്ങളിൽ ചുറ്റിയടിക്കുന്നതുമൊക്കെ അറബ് സമ്പന്നരുടെ പതിവ് പരിപാടിയാണ്. ഇങ്ങനെ പണം എത്രവേണമെങ്കിലും ചിലവഴിക്കുന്ന അറബ് ഷേഖുമാർക്കിടയിൽ പ്രശസ്തനാണ് ബഹ്റീൻ രാജകുടുംബാംഗം ഷെയ്ഖ് ഹമാദ് ഇസ അലി അൽ ഖലീഫ. ബോളിവുഡ് താരങ്ങൾക്കൊപ്പം സമയം ചെലവിടുന്നതിന്് വേണ്ടി പണമെത്ര വേണമെങ്കിലും ചെലവിടാൻ ഷെയ്ഖ് ഹമാദ് ഇസ അലി അൽ ഖലീഫ തയ്യാറായിരുന്നു.

എന്നാൽ ബോളിവുഡ് താരങ്ങളുമായി സല്ലപിക്കാനായി കോടികൾ മുടക്കാൻ തയ്യാറായ അദ്ദേഹം ഒടുവിൽ പരിപാടിയിൽ നിന്നും പിന്മാറിയതോടെ കേസു കൂട്ടവുമായി മാറി. ഒരു താരത്തിന് പത്തുകോടി വീതംനൽകി 26 ബോളിവുഡ് താരങ്ങളെ കാണാനായിരുന്നു പദ്ധതി. എന്നാൽ, ആദ്യത്തെ നാല് പേരെ കണ്ടതോടെ ഷെയ്ഖിന്റെ മനസ്സുമടുത്തു. അദ്ദേഹം പിന്മാറി. കരാറിൽ നിന്ന് പിന്മാറിയ ഷെയ്ഖിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ 300 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് പരിപാടിയുടെ ഏജന്റായിരുന്ന ഈജ്പ്തുകാരനായ അഹമ്മദ് ആദേൽ അബ്ദല്ല അഹമ്മദ്.

26 ബോളിവുഡ് താരങ്ങളുടെ പട്ടിക തയ്യാറാക്കി ഷെയ്ഖ് ഏൽപിച്ചിരുന്നുവെന്ന അഹമ്മദ് പറഞ്ഞു. ഐശ്വര്യ റായ്, ദീപിക പദുക്കോൺ, കരിഷ്മ കപൂർ തുടങ്ങിയ പ്രമുഖ നടിമാരും അനിൽ കപൂർ, സഞ്ജയ് ദത്ത്, ബണ്ടി വല്ല തുടങ്ങിയ നടന്മാരും പട്ടികയിലുണ്ടായിരുന്നു. ദുബായിലെയും ഇന്ത്യയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽവെച്ച് ഇവരെ കണ്ടുമുട്ടിനായിരുന്നു പദ്ധതി. ഓരോരുത്തരും തനിക്കൊപ്പം 20 മിനിറ്റ് വീതം ചെലവിടണമെന്നായിരുന്നു കരാർ. ഇതിനായി താൻ ഏറെമുന്നോട്ടുപോയിരുന്നുവെന്ന് അഹമ്മദ് പറയുന്നു.

ബഹ്റൈൻ രാജാവിന്റെ അർധസഹോദരനും പ്രധാനമന്ത്രിയുടെ അനന്തിരവനുമാണ് ഷെയ്ഖ് ഹമാദ്. താരങ്ങളെ കാണാനുള്ള കരാറിനുപുറമെ, ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാർഡ് നാലുകോടി രൂപയ്ക്ക് സ്പോൺസർ ചെയ്യാമെന്ന കരാറിൽനിന്നും ഷെയ്ഖ് പിന്മാറി. കരാർ ലംഘനത്തിലൂടെ തനിക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനാണ് അഹമ്മദ് കോടതിയെ സമീപിച്ചത്.

എന്നാൽ, 30 ലക്ഷം മുതൽ അമ്പത് ലക്ഷം വരെയാണ് താരങ്ങൾക്ക് ചെലവാകുകയെന്നാണ് തന്റെ കക്ഷി ധരിച്ചിരുന്നതെന്ന് ഷെയ്ഖ് ഹമാദിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്നെ ഭീഷണിപ്പെടുത്തി അഹമ്മദ് പണം തട്ടുകയാണെന്ന് മനസ്സിലായപ്പോഴാണ് കരാറിൽനിന്ന് പിന്മാറിയതെന്നും അഭിഭാഷകൻ പറഞ്ഞു. വർഷത്തിൽ കൂടുതൽ സമയവും ലണ്ടനിൽ കഴിയുന്നയാളായതുകൊണ്ടാണ് ഷെയ്ഖ് ഹമാദിനെതിരേ ലണ്ടൻ കോടതിയെ സമീപിച്ചതെന്നും അഹമ്മദ് പറഞ്ഞു.

കേസ് ലണ്ടൻ കോടതി തന്നെ പരിഗണിക്കണമെന്ന ആവശ്യം അഹമ്മദ് ഉന്നയിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ബ്രിട്ടലിനെ ബാങ്കുകളിൽ വലിയ നിക്ഷേപം തന്നെ ഷെയ്ഖ് ഹമാദിനുണ്ടെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. ബഹ്‌റിനിൽ പരാതി ധരിപ്പിച്ചാൽ കൂടുതൽ തനിക്ക് നീതി കിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു.