മനാമ: ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ബഹ്‌റൈനിന് മികച്ച സ്ഥാനം. വ്യവാസയത്തിന് മികച്ച രാജ്യങ്ങളിൽ ആഗോള തലത്തിൽ60ാം സ്ഥാനവും ജി.സി.സിയിൽ നാലാം സ്ഥാനവും സ്വന്തമാക്കി. ആഗോള ധനകാര്യ മാസികയായ ഫോർബ്‌സിന്റെ പട്ടികയിലാണ് ബഹ്‌റൈൻ മികച്ച നേട്ടം കൊയ്തത്.

139 രാഷ്ട്രങ്ങളുടെ പട്ടികയാണ് ഫോർബ്‌സ് പുറത്തിറക്കിയത്. അറബ് മേഖലയിൽ യു.എ.ഇ ഒന്നും ഒമാൻ രണ്ടും ഖത്തർ മൂന്നും സ്ഥാനത്താണ് ഉള്ളത്. ആഗോള പട്ടികയിൽ യു.എ.ഇ 33ാമതും ഖത്തർ 54ാമതുമാണ് ഉള്ളത്. ബഹ്‌റൈൻ 60, സൗദി 80, കുവൈത്ത് 84 എന്നിങ്ങനെയാണ് ഫോർബ്‌സിന്റെ ഏറ്റവും പുതിയ പട്ടികയിൽ മറ്റ് രാഷ്ട്രങ്ങളുടെ സ്ഥാനം.

ബഹ്‌റൈനിന്റെ ബജറ്റ് വരുമാനത്തിന്റെ 84 ശതമാനവും എണ്ണയിൽ നിന്നാണെന്ന് ഫോർബ്‌സ് റിപ്പോർട്ട് പറയുന്നു. വ്യവസായം, ധനകാര്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ദീർഘകാല അടിസ്ഥാനത്തിൽ തന്നെ വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും ഫോർബ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാപാര സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം, പുതുമ, സാങ്കേതികത, ചുവപ്പുനാടകൾ, നിക്ഷേപക സംരക്ഷണം, അഴിമതി, സ്വകാര്യസ്വാതന്ത്ര്യം, നികുതി ഭാരം, വിപണിയുടെ പ്രകടനം എന്നീ ഘടകങ്ങൾ ആസ്പദമാക്കിയാണ് ഫോർബ്‌സ് മാസിക പട്ടിക തയാക്കിയിരിക്കുന്നത്.

ലോകബാങ്ക്, ഹെറിറ്റേജ് ഫൗണ്ടേഷൻ, ലോക ഇക്കണോമിക്‌സ് ഫോറം എന്നിവയുടെ വിവരങ്ങളാണ് ഫോർബ്‌സ് പഠനത്തിന് ഉപയോഗിച്ചത്. സ്വീഡൻ, ന്യൂസിലന്റ്, ഹോങ്കോംഗ്, അയർലന്റ്, ബ്രിട്ടൻ എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനത്ത്.