സൗദിയിൽ നിന്നും ബഹറിനിലേക്ക് വരുന്ന ഗ്യാസ് പൈപ്പ് ലൈൻ ഉഗ്ര സ്‌ഫോടനത്തോടെ ബഹറിൻ തലസ്ഥാനമായ മനാമയ്ക്ക് അടുത്ത് വച്ച് പൊട്ടിത്തെറിച്ചു. ഇതേ തുടർന്ന് പാചകവാതക വിതരണം പാടെ നിലച്ചുവെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന് ഉത്തരവാദി ഇറാനാണെന്ന് ആരോപിച്ച് ബഹറിൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബഹറിന്റെ ആരോപണം തികച്ചും ബാലിശമാണെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ നടന്ന സ്‌ഫോടനത്തിന് ഉത്തരവാദി ഇറാനാണെന്ന് ബഹറിന്റെ വിദേശകാര്യമന്ത്രി ഷേക്ക് ഖാലിദ് ബിൻ അഹമ്മദ് അൽഖലീഫ ഉടൻ ആരോപിച്ചിരുന്നു. തങ്ങളുടെ പൗരന്മാരെ പേടിപ്പിക്കാനും ലോക എണ്ണ വ്യവസായത്തെ താറുമാറാക്കാനുമാണ് ഇറാൻ ഈ നീക്കം നടത്തിയിരിക്കുന്നതെന്നും ഖാലിദ് ബിൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

എന്നാൽ ഇത്തരം സംഭവങ്ങളിൽ ഇറാനെതിരെ ബഹറിൻ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രാല വക്താവായ ബഹ്‌റാം ഗസേമി കുറ്റപ്പെടുത്തുന്നു. ഇത്തരം ബാലിശമായ ആരോപണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. അയൽരാജ്യങ്ങളിൽ സ്ഥിരതയും സുരക്ഷയും നിലനിന്നും കാണമെന്നാണ് ഇറാൻ എന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തകരാറിലായ പൈപ്പ് ലൈൻ നന്നാക്കിയെന്നാണ് നാഷണൽ ഓയിൽ കമ്പനി ബാപ്‌കോ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് അഗ്‌നിപടർന്നപ്പോൾ എമർജൻസി സർവീസുകൾ ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. സമീപത്തെ ബുറി ഗ്രാമത്തിലെ വീടുകളിൽ നിന്നും താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നുവെന്നാണ് ബഹറിന്റെ അഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തുന്നത്. മനാമയിൽ നിന്നും 15 കിലോമീറ്റർ അകലത്തുള്ള പ്രദേശമാണിത്.ഗുരുതരമായ തീവ്രവാദ പ്രവർത്തനമാണ് ഈ പൊട്ടിത്തെറിക്ക് കാരണമെന്നാണ് അഭ്യന്തരമന്ത്രാലയം ഇറാനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ആരോപിച്ചിരിക്കുന്നത്.ഇത് രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്കെതിരായ നീക്കമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഷിയാമുസ്ലിം ഭൂരിപക്ഷപ്രദേശമായ ബഹറിനിൽ സുന്നി രാജവംശമാണ് ഭരിക്കുന്നത്. ഇവിടെ ഒരു ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട് 2011ൽ ഉണ്ടായ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബഹറിൻ അധികാരികൾ നിയന്ത്രണം ശക്തമാക്കിയിരുന്നു. നൂറ് കണക്കിന് പ്രതിഷേധക്കാരെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ ഷിയാകളോട് വിവേചനം കാണിക്കുന്നുവെന്ന ഇറാന്റെ ആരോപണത്തെ ബഹറിൻ ഭരണാധികാരികൾ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഷിയാകൾ ഭരിക്കുന്ന രാജ്യമായ ഇറാൻ ബഹറിനിലെ ഷിയാകളോട് സഹതാപം പുലർത്തി വരുന്നതും പ്രശ്‌നമാകുന്നുണ്ട്. ഇറാനും സൗദിയും തമ്മിലുള്ള സ്പർധ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചിരിക്കുന്നതെന്നും ഗൗരവമർഹിക്കുന്ന കാര്യമാണ്.