മനാമ: ബഹ്‌റൈനിലെ സ്ഥിരതാമസക്കാരനായ മലയാളി തന്റെ മക്കളെ വീടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം പ്രവാസികളെ ഞെട്ടിച്ചു.ആഹാരമോ വെള്ളമോ നൽകാതെ ദിവസങ്ങളോളമാണ് പീഡിപ്പിച്ചത്. മൂവാറ്റുപുഴക്കാരിയായ അമ്മയെ നാട്ടിലേക്ക് പറഞ്ഞയച്ചശേഷമാണ് പിതാവ് മക്കളെ പീഡനത്തിന് വിധേയമാക്കിയത്.

മുക്കുടിയനായ പിതാവിന്റെ ക്രൂരകൃത്യങ്ങൾ ബഹ്‌റൈനിലെ പ്രാദേശിക പത്രങ്ങളാണ് പുറത്തുവിട്ടത്. ഇവിടെ സൽമാനിയ പ്രവിശ്യയിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ സഹോദരങ്ങളെയാണ് കഴിഞ്ഞ ദിവസം സ്‌കൂളിൽനിന്നും സുഹൃത്തുക്കൾ തേടിയെത്തിയപ്പോൾ അവശനിലയിൽ കണ്ടെത്തിയത്. വിസ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാൽ കുട്ടികളുടെ അമ്മ നാട്ടിലേക്ക് പോയ അവസരം മുതലാക്കിയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ മാതാവ് ഇപ്പോഴും നാട്ടിലാണ്.

ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്. വിദ്യാർത്ഥിനിയുടെ സഹപാഠി വീട്ടിലെത്തി കാര്യങ്ങൾ മനസിലാക്കിയശേഷം തന്റെ പിതാവിനെ വിവരം അറിയിച്ചു. നോട്ടുബുക്ക് വാങ്ങനെന്ന തരത്തിൽ തന്റെ മകളുമായി വീട്ടിലെത്തിയ ഇയാൾ വിശന്നൊട്ടിയ വയറുമായി ക്ഷീണിതരായി കഴിയുന്ന ഇരുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. ഫ്ളാറ്റിൽ ആരെങ്കിലും വരുന്നത് തങ്ങളുടെ പിതാവിന് ഇഷ്ടമല്ലെന്നും നല്ല ഭക്ഷണമോ പുറം ലോകമോ കണ്ടിട്ട് ഒത്തിരി നാളായെന്നും വിദ്യാർത്ഥിനി ഇവരോട് പറഞ്ഞുവത്രേ.

 മുഴുവൻ സമയം മദ്യപാനിയായ അച്ഛൻ വീട്ടിൽ വഴക്കും ബഹളവും പതിവാണെന്നും പറഞ്ഞ കുട്ടി മാതാവിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നേരത്തേ ജോലിയുണ്ടായിരുന്നുവെന്നും സുഹൃത്തിന്റെ പിതാവിനെ അറിയിച്ചു. ഫാമിലി വിസയിൽ വന്ന് ജോലി ചെയ്തതിന് എൽ.എം.ആർ.എ പിടികൂടിയതോടെയാണ് അമ്മയ്ക്ക് പെട്ടെന്ന് നാട്ടിലേയ്ക്ക് പോകേണ്ടി വന്നതെന്ന് കുട്ടികൾ അറിയിച്ചു. ഇതേ തുടർന്നാണ് മക്കൾ അച്ഛന്റെ നിയന്ത്രണത്തിലായത്.

 അമ്മ പോയശേഷം നാട്ടിലേയ്ക്ക് തങ്ങളെ അയച്ചില്ലെന്നും അമ്മ വിളിക്കുമ്പോഴൊന്നും അച്ഛൻ ഫോൺ എടുക്കാറില്ലെന്നും കുട്ടികൾ പറഞ്ഞു. ദിവസവും രാവിലെ 7 മണിക്ക് ജോലിക്കെന്നും പറഞ്ഞ് പോകുന്ന പിതാവ് തിരിച്ചെത്തുമ്പോൾ രാത്രി 12 മണി ആകുമെന്നാണ് കുട്ടികൾ പറയുന്നത്. ഇതിനിടെ വിശന്നു വലയുന്ന കുട്ടികൾ പലപ്പോഴും മറ്റു വീട്ടുകാർ വലിച്ചെറിയുന്ന ചവറ്റു കൊട്ടയിൽ നിന്നു ഭക്ഷണം ശേഖരിച്ചു കഴിക്കുകയാണ് പതിവ്. രാവിലെ മുതൽ തന്റെ അനുജനോടൊപ്പം ഭീതിയോടെയാണ് ഇവിടെ കഴിയുന്നതെന്നും പെൺകുട്ടി സഹപാഠിയുടെ പിതാവിനോട് പറഞ്ഞു.

 ഈ വിവരങ്ങൾ ഇയാൾ ചില സാമൂഹ്യ പ്രവർത്തകരെ അറിയിച്ചതോടെയാണ് മലയാളി സമൂഹം ഇക്കാര്യം അറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ സാമൂഹ്യ പ്രവർത്തകർ കുട്ടികളുടെ മാതാവിനെ നാട്ടിൽ വിളിച്ച് വിവരം ആരാഞ്ഞപ്പോൾ പ്രത്യേക സാഹചര്യത്തിൽ പെട്ടെന്ന് കേറിപ്പോകേണ്ടി വന്നതാണെന്നും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് കുട്ടികളെ അയയ്ക്കണമെന്നും അപേക്ഷിച്ചു. ഈ വിവരം സാമൂഹ്യ പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്.

 ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി ഷെമിലി പി. ജോൺ എന്നിവർ കുട്ടികളുടെ താമസസ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു. ഇവരെ നാട്ടിലെ സ്‌കൂളിൽ പഠിപ്പിക്കാനുള്ള എല്ലാ സൗകര്യവും ചെയ്യുമെന്നും അതിനുള്ള സാമ്പത്തിക സഹായമടക്കം ചെയ്യാൻ തയ്യാറാണെന്നും ഷെമിലി അറിയിച്ചു. കുട്ടിയുടെ ടി.സിയും മറ്റ് രേഖകളും എത്രയും പെട്ടെന്ന് ശരിയാക്കി എംബസിയുടെ സഹായത്തോടെ നാട്ടിൽ അയക്കാനുള്ള സംവിധാനമാണ് ഇപ്പോൾ നടത്തുന്നതെന്നും അവർ പറഞ്ഞു.

ഇതിനിടെ കൊച്ചു കുട്ടികളെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് പിതാവിനെതിരെ പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് ചില മലയാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.