ഷിയാ പുരോഹിതനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയതോടെ അറബ് ലോകത്ത് ഉടലെടുത്ത പ്രതിഷേധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്. ഇറാഖിലെ സുന്നി ആരാധനായലയങ്ങൾക്കുനേരെ വ്യാപകമായ അക്രമം നടന്നത് ഇറാന്റെ പിന്തുണയോടെയാണെന്ന് ആരോപിച്ച് ബഹ്‌റൈൻ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. സൗദി അറേബ്യയിൽനിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു.

അമേരിക്കയുടെ പിന്തുണയോടെ സൗദിയും മറ്റ് അറബ് രാജ്യങ്ങളും ഇറാൻ വിരുദ്ധ വികാരവുമായി മുന്നോട്ടുപോകുമ്പോൾ പശ്ചിമേഷ്യ വീണ്ടും സംഘർഷ കേന്ദ്രമായി മാറുകയാണ്. ഷിയ പുരോഹിതനെ സൗദി വധിച്ചതോടെയാണ് ഇറാൻ അതിനെതിരെ ശക്തമായി രംഗത്തുവന്നത്. ടെഹ്‌റാനിലെ സൗദി എംബസ്സി ഷിയ വിശ്വാസികൾ തീയിട്ടു നശിപ്പിച്ചു.

ഇറാഖിലും സുന്നി പള്ളികൾക്കുനേരെ വ്യാപക ആക്രമണമുണ്ടായി. പശ്ചിമേഷ്യയിൽ സമാധാനം കെടുത്തുന്നത് ഇറാനാണെന്ന് ആരോപിച്ചാണ് ബഹ്‌റൈൻ നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചത്. സൗദിയും യു.എ.ഇയും സുഡാനും നേരത്തെ ഇറാനുമായുള്ള ബന്ധം വിഛേദിച്ചിരുന്നു.

നയതന്ത്ര തലത്തിൽ ഇറാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇറാഖിൽ സുന്നി ആരാധനാലയങ്ങൾക്കുനേരെ വ്യാപകമായ ആക്രമണം അരങ്ങേറുകയാണ്. ഷിയ മേധാവിത്വമുള്ള ഹില്ല പ്രവിശ്യയിൽ രണ്ട് പള്ളികൾ ബോംബാക്രമണത്തിൽ തകർന്നു.

പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നതിനിടെ, പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന നിർദ്ദേശവുമായി റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, വിട്ടുവീഴ്ചയ്ക്കുള്ള നീക്കമൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറാനിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ച സൗദി, വ്യാപാര ബന്ധങ്ങളും നിർത്തിവച്ചു.

സൗദി അറേബ്യക്കാരോട് ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ കാര്യമന്ത്രി ആദേൽ-അൽ ജുബൈർ നിർദ്ദേശിച്ചു. 48 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടുപൊയ്‌ക്കൊള്ളണമെന്നാണ് ബഹ്‌റൈൻ ഇറാന്റെ നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിൽ അസ്വസ്ഥത പടർത്തുന്നതിന് ഇറാന്റെ അപകടകരമായ ഇടപെടലുകൾ കാരണമാകുന്നതായി ബഹ്‌റൈൻ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.