മനാമ: ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ മൃതദേഹം ചുമലിലെടുത്ത് ഭർത്താവ് കിലോമീറ്ററുകൾ നടന്നത് ഹൃദയം നടുക്കുന്ന കാഴ്ചയായിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങളോടൊപ്പം തന്നെ ദേശീയ മാദ്ധമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ വലിയ വാർത്താ പ്രാധാന്യവും ലഭിച്ചിരുന്നു.

ദിവസങ്ങൾക്കു ശേഷം വീണ്ടും ആ വാർത്ത മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. വാർത്തയ്ക്ക് അന്തർദേശീയ തലത്തിൽ പ്രാധാന്യം ലഭിച്ചതോടെ ഗൾഫ് രാജ്യങ്ങളിലും ദനാ മജ്ഹിയുടെ അവസ്ഥ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. അക്‌ബർ അൽ ഖലീജ് എന്ന് മാദ്ധ്യമത്തിൽ വന്ന വാർത്തയെ തൂടർന്ന് ബഹ്‌റിൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ മരിച്ച യുവതിയുടെ കുടുംബത്തിന് വേണ്ടി സാമ്പത്തിക സഹായം ചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ്.

വാർത്ത വായിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി വളരെ ദുഃഖിതനായെന്നും ഗൾഫ് ഡയിലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റിൻ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്ത്യൻ എംബസിയിയുമായി ബന്ധപ്പെടുകയും ഭർത്താവിനും കുടുംബത്തിനും ചെറിയൊരു ധനസഹായം ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

മൃതദേഹം ആംബുലൻസിൽ കൊണ്ടു പേകാൻ പണമില്ലാത്തതിനെ തുടർന്ന് ദനാ മജ്ഹി എന്ന 42 കാരനായിരുന്നു 60 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് 12 വയസ്സുള്ള മകൾക്കൊപ്പം നടന്നു തുടങ്ങിയത്. ഒഡീഷയിലെ പിന്നാക്ക ജില്ലയായ കലാഹന്തിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞെടുത്ത മൃതദേഹം തോളിലേറ്റി ഇയാൾ പത്തു കിലോ മീറ്ററോളം നടന്നിരുന്നു. ഇതിനിടെ ഒരു പ്രാദേശിക മാദ്ധ്യമ സംഘമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പിന്നീട് മാദ്ധ്യമപ്രവർത്തകർ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ ആംബുലൻസ് ഏർപ്പെടുത്തുകയായിരുന്നു.

താൻ ദരിദ്രനാണെന്നും ആംബുലൻസ് വിളിക്കാൻ പണമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ അവർക്കു സഹായിക്കാനാകില്ലെന്നാണ് അന്ന് യുവാവ് പറഞ്ഞിരുന്നത്.

അതേസമയം, ആശുപത്രികളിൽ വച്ചു മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി വീടുകളിലെത്തിക്കുന്നതിനായി 'മഹാപാരായണ' എന്ന പേരിൽ ഒഡീഷ സർക്കാർ പ്രത്യേക പദ്ധതി ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 സർക്കാർ ആശുപത്രികളിലായി 40 വാഹനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.