മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ ബി.കെ.എസ് സംഗീത രത്‌ന പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി സംഗീത ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ നൗഷാദിന്റെ സംഗീത സംവിധാനത്തിന് കീഴില്‍ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാന്‍ പങ്കാളിയാവുകയും പിന്നീട്

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ സേവ്യര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജെറി അമല്‍ദേവ് നാല് വര്‍ഷക്കാലത്തോളം ന്യൂയോര്‍ക്കില്‍ സംഗീത പരിശീലകനായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തുന്നതും ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതും.

ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ജെറി അമല്‍ദേവ് നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്. 1986ല്‍ മാര്‍പ്പാപ്പ കേരളത്തിലെത്തിയപ്പോള്‍ ഏകദേശം അഞ്ഞൂറു ഗായകരും നാല്പതോളം ഓര്‍ക്കസ്ട്ര അംഗങ്ങളെയും ചേര്‍ത്ത് ക്വയര്‍ അവതരിപ്പിച്ചതും ജെറി അമല്‍ദേവ് ആയിരുന്നു.

ഈ മാസം 26 ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്നും ആഘോഷങ്ങളുടെ ഭാഗമായി ജെറി അമല്‍ദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ സിംഫണി അരങ്ങേറുമെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓഡിഷനില്‍ നിന്നും തെരഞ്ഞെടുത്ത അന്‍പതു ഗായകരാണ് 26 ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന സിംഫണിയില്‍ പങ്കെടുക്കുന്നത്.വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്തുമസ്സ് ആഘോഷ കമ്മറ്റി കണ്‍വീനര്‍ ബിന്‍സി റോയ് എന്നിവര്‍ അറിയിച്ചു.

ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 26 ന് വൈകുന്നേരം 6.30ന് ക്രിസ്തുമസ്സ് കേക്ക് മത്സരവും 7 മണിക്ക് ക്രിസ്തുമസ്സ് ട്രീ മത്സരവും . തുടര്‍ന്ന് നാടന്‍ കരോളും നടക്കുമെന്ന് കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിന്‍സി റോയ് 3392 9920,അജയ് പി.നായര്‍.3913 0301 സജി കുടശ്ശനാട് 39828223