മനാമ: കുട്ടികളുടെ കലാഭിരുചികള്‍ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി കെ എസ് ജിസിസി കലോത്സവത്തിന് പെയിന്റിംഗ് മത്സരത്തോടെ തുടക്കമായി.സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ആദ്യ മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു.

നൂറിലധികം വ്യക്തിഗത ഇനങ്ങളും അറുപതോളം ഗ്രൂപ്പിനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 31 ന് വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു .

ഏഷ്യയിലെതന്നേ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തില്‍ കേരളത്തില്‍ നിന്നടക്കമുള്ള പ്രമുഖരാണ് വിധികര്‍ത്താക്കളായി എത്തുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബിറ്റോ പാലമാറ്റത്തിനെ 37789495 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.