ബഹ്‌റൈന്‍ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്‍പതാമത് ബി. കെ. എസ്. - ഡി. സി. അന്താരാഷ്ട്ര പുസ്തകോത്സവവും കള്‍ച്ചറല്‍ കാര്‍ണിവലും ഡിസംബര്‍ 4 മുതല്‍ 14 വരെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രകുറിപ്പുലൂടെ അറിയിച്ചു.

കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയില്‍ ബഹ്‌റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും.

ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദിവസേന 7.30നു കള്‍ച്ചറല്‍ പ്രോഗ്രാമുകളും തുടര്‍ന്നു പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകമേളയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടായിരിക്കും.

പുസ്തകമേളയോടനുബന്ധമായി എല്ലാ ദിവസങ്ങളിലും വൈകീട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ഗസല്‍ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍, ബഹ്റൈനിലെ അന്യരാജ്യ കലാകാരന്മാരുടെ സംസ്‌കാരിക പരിപാടികള്‍, ആര്‍ദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങള്‍, ഡാന്‍സ് ഡ്രാമ, മ്യൂസിക് ബാന്‍ഡ് തുടങ്ങി നിരവധിപരിപാടികളോടൊപ്പം ദിവസ്സേന സ്‌പോട് ക്വിസ്സും നടക്കും. പുസ്തകമേളയോടനുബന്ധിച്ചു സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി എക്‌സിബിഷനും ആര്‍ട്‌സ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആര്‍ട് & പെയിന്റിംഗ് എക്‌സിബിഷനും നടത്തപ്പെടും.

അന്താരാഷ്ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ശ്രീ. ആഷ്ലി കുര്യന്‍ മഞ്ഞില കണ്‍വീനറായും ശ്രീ. ജോയ് പോളി, ശ്രീമതി. സവിത സുധിര്‍, ശ്രീമതി. സിന്‍ഷാ വിതേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും നൂറ്റിയന്പതില്‍പരം അംഗങ്ങളുള്ള സംഘാടകസമിതി നിലവില്‍വന്നു.

പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ താത്പര്യമുള്ള ബഹ്റൈനിലെ മലയാളി സംഘടനകള്‍, സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഓഫറുകള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി ലഭ്യമാക്കേണ്ട പുസ്തകങ്ങള്‍ക്കും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

ഡിസംബര്‍ 4 മുതല്‍ 14 ഉള്‍പ്പടെയുള്ള ദിവസ്സങ്ങളില്‍ രാവിലെ 9.30 മുതല്‍ രാത്രി 10.30 വരെയായാണ് പുസ്തകമേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 39215128/ 39370929/ 34688624