മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റി 25 സുവര്‍ണ്ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരില്‍ രജത ജൂബിലി ആഘോഷവും ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും കഴിഞ്ഞദിവസം കേരളീയ സമാജത്തില്‍ വച്ച് സ്റ്റാര്‍ വിഷന്‍ ഇവന്‍സുമായി സഹകരിച്ച് വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.

സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങളോടൊപ്പം നടന്ന സര്‍വ്വമത സമ്മേളന ശതാബ്ദിചടങ്ങില്‍ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍

മുഖ്യ അതിഥി ആയിരുന്നു, ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ ഋത്യബരാനന്ദ സ്വാമികള്‍, കോട്ടയം ചങ്ങനാശ്ശേരി രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബഹനാന്‍, കോട്ടക്കല്‍ നിയമസഭാംഗം പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ. ജി ബാബുരാജന്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ബഹറിന്‍ കേരളീയ സമാജം പ്രസിഡണ്ടുമായ പി. വി രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ബിനു മണ്ണില്‍ വര്‍ഗീസ് എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നിലവില്‍ ബഹറിനിലുള്ള അഞ്ച് സ്ഥാപക അംഗങ്ങളെ ആദരിക്കുകയുണ്ടായി

ഇതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നല്‍കുന്ന നാലാമത് 'ഗുരുസ്മൃതി അവാര്‍ഡ് 2024' പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ. ജി ബാബുരാജന് ശിവഗിരി മഠം മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ സമ്മാനിക്കുകയുണ്ടായി.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൊസൈറ്റിയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചാലക്കുടി എംപി ബെന്നി ബഹനാന്‍ നിര്‍വഹിച്ചു,25 സുവര്‍ണ്ണ വര്‍ഷങ്ങളുടെ ഓര്‍മ്മകളും, ജീസസിന്റെ മാത്രം കുടുംബാംഗങ്ങളുടെ രചനകളുമായി ജി എസ് എസ് എസ് സുവനീര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ചങ്ങനാശ്ശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും കുടുംബാംഗങ്ങളും, കുട്ടികളുമായി നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങുകള്‍ക്ക് ജിഎസ്എസ് മഹോത്സവം 2024 ജനറല്‍ കണ്‍വീനര്‍ A.V ബാലകൃഷ്ണന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ മിഥുന്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു, സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതവും സൊസൈറ്റി വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍ നന്ദിയുംരേഖപ്പെടുത്തി.

രജത ജൂബിലിയുടെ ഭാഗമായി 25 വനിത കുടുംബാംഗങ്ങള്‍ പങ്കെടുത്ത ദൈവദശകവും പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോനും സംഘവും രാത്രി വൈകിയും അവതരിപ്പിച്ച ഒരു ചെമ്പനീര്‍ പൂവിന് സുഗന്ധം എന്ന ഗാനാമൃതവും ചടങ്ങിന് കൂടുതല്‍ മികവേകി