മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കും വിദ്യാരംഭ ചടങ്ങുകള്‍ക്കും ഭക്തിനിര്‍ഭരമായ സമാപനം. വിദ്യാരംഭ ദിവസമായ ഇന്ന് രാവിലെ അഞ്ചു മണി മുതല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന വിദ്യാരംഭ ചടങ്ങുകളില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നിരവധി കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകര്‍ന്നു നല്‍കി.

നവരാത്രി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ സുജിത്ത് വാസപ്പനും മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നാവില്‍ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികള്‍ക്കും ഉണ്ണിമേനോന്‍ ആശംസകള്‍ നേര്‍ന്നു. വരും ദിവസം തന്നെ ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഉണ്ണിമേനോന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു