മനാമ : സമൂഹത്തില്‍ വ്യാപകമാകുന്ന ലഹരികള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈന്‍ നടത്തുന്ന യൂത്ത് അലര്‍ട്ട് പരിപാടിക്ക് തുടക്കമായി. ജൂണ്‍ 27 നു ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

കെ പി സി സി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ലഹരി വിരുദ്ധ നാടകം' തണല്‍ ' വിദേശ രാജ്യത്ത് ഐ.വൈ.സി.സി യാണ് ആദ്യമായി അവതരിപ്പിക്കുന്നത് എന്ന പ്രതേകതയും ഇതിനുണ്ട്.

സംഘടനയുടെ 9 ഏരിയ കമ്മറ്റികളെ 3 മേഖലകള്‍ ആക്കി തിരിച്ചു കൊണ്ട് നടത്തുന്ന യൂത്ത് അലര്‍ട്ടിന്റെ ആദ്യ സ്വീകരണ പരിപാടി സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് ഹാളില്‍ വെച്ച് നടന്നു. ഹിദ്ദ് - അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളുടെ നേതൃത്വത്തിലുള്ള പരിപാടിയാണ് നടന്നത്.

' അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ' തുടങ്ങിയ ജാഥ സമ്മേളനം ബഹ്റൈന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോക്ടര്‍ ഗോപിനാഥ മേനോന്‍ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ ചേര്‍ന്ന് യൂത്ത് അലര്‍ട്ട് ക്യാപ്റ്റന്‍ ബേസില്‍ നെല്ലിമറ്റത്തിനും, ഹിദ്ദ് - അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളിലെ പ്രസിഡന്റുമാര്‍ക്കും പതാക കൈമാറി തുടക്കം കുറിച്ചു.

യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ കീഴില്‍ അണിയിച്ചൊരുക്കിയഐ.വൈ.സി.സി പ്രവര്‍ത്തകര്‍ അഭിനയിച്ച ' തണല്‍ ' നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു. മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്തിന്റെ അധ്യക്ഷതയില്‍ നടന്ന ജാഥയുള്‍പ്പെടെയുള്ള പരിപാടിക്ക് ഗുദൈബിയ ഏരിയ പ്രസിഡന്റ് സജില്‍കുമാര്‍ സ്വാഗതം ആശംസിച്ചു.

ഐ.വൈ.സി.സി ദേശീയ കോര്‍ ഭാരവാഹികള്‍, യൂത്ത് ഫെസ്റ്റ് 2025 ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, ബഹ്റൈന്‍ മഹാത്മഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹി ബാബു കുഞ്ഞിരാമന്‍,ഐ.വൈ.സി.സി വനിത വേദി കണ്‍വീനര്‍ മുബീന മന്‍ഷീര്‍, തണല്‍ നാടക സംവിധാനം നിര്‍വഹിച്ച രമേശ് ബേബി കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക പ്രവര്‍ത്തകരായഇ.വി രാജീവന്‍,മണിക്കുട്ടന്‍, അന്‍വര്‍ നിലമ്പൂര്‍, അബ്ദുല്‍ മന്‍ഷീര്‍, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കല്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഫാസില്‍ വട്ടോളി പരിപാടിക്ക് നേതൃത്വം നല്‍കി. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം അവതാരകന്‍ ആയ പരിപാടിയില്‍ ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ് റോബിന്‍ കോശി നന്ദി പറഞ്ഞു.