മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'പവിഴപ്പൊലിവ് 2025' എന്ന പേരില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സല്‍മാനിയ കലവറ പാര്‍ട്ടി ഹാളില്‍ വെച്ച് വിപുലമായ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു.

നാടിന്റെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് അംഗങ്ങള്‍ ഒരുക്കിയ അത്തപ്പൂക്കളത്തോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം BMC ചെയര്‍മാന്‍ ഫ്രാന്‍സീസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് ആലപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അജ്മല്‍ കായംകുളം സ്വാഗതമാശംസിച്ചു. മുഖ്യാതിഥി മൂസഹാജി ഓണസന്ദേശം നല്‍കി. പത്തേമാരി സ്റ്റേറ്റ് സെക്രട്ടറിയും ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരിയുമായ സനോജ് ഭാസ്‌കര്‍, കോര്‍കമ്മറ്റി വൈസ് പ്രസിഡന്റും ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരിയുമായ മുഹമ്മദ് ഈറക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ലിബീഷ് വെള്ളൂക്കായ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഉദ്ഘാടകനായ ഫ്രാന്‍സീസ് കൈതാരത്തിനും, മുഖ്യാതിഥി മൂസഹാജിക്കും പത്തേമാരിയുടെ സ്‌നേഹാദരവായി മൊമന്റോ നല്‍കി ആദരിച്ചു. അതോടൊപ്പം 46 തവണയിലധികം രക്തദാനം നല്‍കിയ സുജേഷ് എണ്ണയ്ക്കാടിന് രക്തദാനം മഹാദാനം എന്ന സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള അംഗീകാരമായി പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ ആദരവ് നല്‍കി.

തുടര്‍ന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മാവേലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്രയും ശ്രദ്ധേയമായി.രാജേഷ് മാവേലിക്കരയുടേയും, സുനില്‍ സുശീലന്റെയും മേല്‍നോട്ടത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്.

ജനറല്‍ കണ്‍വീനര്‍ ഷാജി സബാസ്റ്റ്യന്‍ പത്തേമാരിയോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രകാശ്, ശ്യാമള, ജോബി മോന്‍, അനിത, ലൗലി, ആശ മുരളീധരന്‍, മുസ്തഫ എന്നിവരോടൊപ്പം അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ആവേശത്തോടെ പരിപാടിയില്‍ പങ്കുചേര്‍ന്നു