- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- News Bahrain
കൊച്ചിന് സീപ്പോര്‍ട്ട് ഓഫീസിലെ അനാസ്ഥ :ചരക്കുകള്‍ സ്വീകരിക്കാനാകാതെ കാര്‍ഗോ കമ്പനികള്‍
മനാമ: പ്രവാസികളുടെ അവധിക്കാലമാണ് ബഹ്റൈനില്‍ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ കാര്‍ഗോ ഏജന്‍സികളുടെ പ്രധാന സീസണ് എന്ന് പറയുന്നത്. സാധനങ്ങള്‍ നാട്ടിലയക്കാന്‍ ഏറ്റവും ചുരുങ്ങിയ ചിലവിലുള്ള മാര്‍ഗങ്ങളാണ് എല്ലാ പ്രവാസികളും അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞ നിരക്കില്‍ ലഭ്യമായ സീ കാര്‍ഗോ വഴിയാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് സാധനങ്ങള്‍ കൂടുതലും അയച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊച്ചിന് സീ പോര്‍ട്ട് ഓഫീസിലെ കമ്മീഷണറുടെ 'മെല്ലെപ്പോക്ക് ' നയം മൂലം കാര്‍ഗോ കമ്പനികള്‍ക്ക് കേരളത്തിലേക്കുള്ള കാര്‍ഗോ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത് എന്ന് മാത്രമല്ല കഴിഞ്ഞ ഫെബ്രുവരി മുതല്‍ക്ക് പ്രവാസികളില്‍ നിന്ന് സ്വീകരിച്ച് നാട്ടിലേക്ക് അയച്ചിട്ടുള്ള പാഴ്സലുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അയച്ച സാധനങ്ങള്‍ പലതും പോര്‍ട്ട് ഓഫീസില്‍ കെട്ടിക്കിടന്ന് നശിക്കുകയോ കാലാവധി കഴിയുകയോ ചെയ്തതോടെ ഉപഭോക്താക്കളുടെ ശകാരം മുഴുവനും കേള്‍ക്കേണ്ടി വരുന്നതാകട്ടെ ജി സി സി രാജ്യങ്ങളിലെ കാര്‍ഗോ കമ്പനിക്കാരും. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ ചാര്‍ജ്ജിന്റെ പതിന്മടങ്ങ് തുക പോര്‍ട്ട് സ്റ്റോറേജ് ചാര്‍ജ്ജ് ഇനത്തില്‍ മാത്രം ഭീമമായ തുകയും അടക്കേണ്ടി വരുന്നതായി ബഹ്റൈനിലെ കാര്‍ഗോ കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഉപഭോക്താക്കളുടെ കുറ്റപ്പെടുത്തല്‍ മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നു എന്ന് മാത്രമല്ല തങ്ങളെ വിശ്വസിച്ച് നാട്ടിലേക്ക് അയച്ച സാധനങ്ങള്‍ സമയത്തിന് ഏതാഞ്ഞത് മൂലമുള്ള നഷ്ടപരിഹാരവും ഇപ്പോള്‍ തങ്ങള്‍ നല്‍കേണ്ട അവസ്ഥയാണ് ഉള്ളതെന്നും കാര്‍ഗോ ഉടമകള്‍ പറഞ്ഞു.
വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കൊച്ചി പോര്‍ട്ടിലെ കമ്മീഷണര്‍ ഓഫീസ്ചരക്കുകള് എന്തുകൊണ്ട് ഏജന്‍സികള്‍ക്ക് ക്ലിയര്‍ ചെയ്ത് കൊടുക്കുന്നില്ല എന്നതിന് 'സാങ്കേതിക'മായ ചില കാരണങ്ങള്‍ എന്നതൊഴിച്ചാല്‍ മറ്റൊന്നും കൊച്ചിയിലെ പോര്‍ട്ട് ഓഫീസ് പറയുന്നില്ല എന്നതാണ് തങ്ങളെ കുഴപ്പിക്കുന്നത് എന്ന് കാര്‍ഗോ ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ക്ക് ബഹ്റൈനിലെയും മറ്റു ജിസിസി കളിലെയും കാര്‍ഗോ കമ്പനികള്‍ അയച്ച ചരക്കുകള്‍ ഒന്നും ഇതുവരെ ക്ലിയര്‍ ചെയ്ത് വിട്ടു കൊടുത്തിട്ടില്ല.സാധാരണ 18-20 ദിവസങ്ങള്‍ക്കുള്ളിലാണ് ഷിപ്പ് കാര്‍ഗോ വഴിയുള്ള ചരക്കുകള്‍ നാട്ടില്‍ എത്തേണ്ടത്. അത് പ്രകാരമാണ് അടുത്ത കണ്ടെയിനര്‍ അയക്കാനുള്ള സാധനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചു വയ്ക്കുന്നത്. ഇങ്ങനെയാണ് തുടര്‍ന്ന് വന്നിരുന്നത്. യാതൊരു അറിയിപ്പും നല്‍കാതെയാണ് ഇത്തരത്തില്‍ അയച്ച കണ്ടെയിനറുകള്‍ ക്ലിയര്‍ ചെയ്യാതെ ഉദ്യോഗസ്ഥര്‍ 'സാങ്കേതികം' എന്ന് മാത്രം പറഞ്ഞു വൈകിപ്പിക്കുന്നത്. ഇന്ത്യയില്‍ എല്ലാ പോര്‍ട്ടുകളിലും ഒരേ നിയമം എന്നിരിക്കെ കൊച്ചിയില്ലെ പോര്‍ട്ട് ഓഫീസില്‍ നിന്ന് മാത്രം ചരക്കുകള്‍ വിട്ടുകൊടുക്കാത്തത് എന്താണെന്നു വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും കാര്‍ഗോ ഉടമകള്‍ ആവശ്യപ്പെടുന്നു. തുടക്കം ഇത്തരത്തില്‍ വൈകിയപ്പോള്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ക്ലിയര്‍ ചെയ്യാമെന്നാണ് കൊച്ചിയിലെ ഏജന്റുമാരോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പല തവണ ക്ലിയറിംഗ് ഏജന്‍സികള്‍ പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടും ചരക്ക് ക്ലിയര്‍ ചെയ്യാന്‍ കൊച്ചിയിലെ പോര്‍ട്ട് ഓഫീസ് തയ്യാറാകുന്നില്ല. കൊച്ചിയില്‍ കണ്ടെയിനര്‍ എത്തിക്കഴിഞ്ഞാല്‍ 14 ദിവസം വരെ ചരക്ക് സൂക്ഷിക്കുന്നതിന് ചാര്‍ജ്ജുകള്‍ നല്‍കേണ്ടതില്ല എന്നാല്‍ പിന്നീടുള്ള ആദ്യത്തെ ആറു ദിവസങ്ങള്‍ക്ക് കണ്ടെയിനര്‍ കമ്പനികള്‍ക്ക് കണ്ടെയിനര്‍ ഒന്നിന് പ്രതിദിനം 60 ഡോളര്‍ വീതവും , 7 മുതല്‍ 12 ദിവസം വരെ വൈകിയാല്‍ 120 ഡോളറും, 13 ദിവസവും അതില്‍ കൂടുതല്‍ വരുന്ന ദിവസങ്ങള്‍ക്ക് 180 ഡോളര്‍ വീതവുമാണ് സ്റ്റോറേജ് വാടക ഇനത്തില്‍ മാത്രം കമ്പനികള്‍ അടയ്ക്കേണ്ടത്.കൂടാതെ പോര്‍ട്ടിന്റെ ചാര്‍ജ്ജുകള്‍ വേറെയും വരും. വൈകിയ നടപടി പോര്‍ട്ട് ഓഫീസിന്റെതായാലും വൈകുന്ന ഓരോ ദിവസത്തിനും വാടക നല്‍കേണ്ടത് ചരക്ക് അയക്കുന്നവരാണ്. അതും പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ ഫെബ്രുവരി മുതല്ക്കുള്ള വാടക കാര്‍ഗോ കമ്പനികള്‍ അടച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഉപഭോക്താക്കളോട് വാങ്ങിയ ചാര്‍ജ്ജിന്റെ എത്രയോ ഇരട്ടിയോളം വരും.
എന്തുകൊണ്ട് ഗ്രൂപ്പ് കാര്‍ഗോ
പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ അയക്കാന്‍ കുറഞ്ഞ നിരക്ക് മാത്രമേ വരുകയുള്ളൂ എന്നത് കൊണ്ടാണ് കാര്‍ഗോ കമ്പനികളുടെ ഗ്രൂപ്പ് കാര്‍ഗോ രീതിയില്‍ ഇത്തരത്തില്‍ ചരക്കുകള്‍ അയക്കുന്നത്. പ്രവാസ ലോകത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയായ ഒരാള്‍ക്ക് ടി ആര് ( ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് ) എന്ന വകുപ്പിലൂടെ സ്വന്തം പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ച് ചരക്കുകള്‍ കൊണ്ടുപോകാവുന്ന സംവിധാനമുണ്ട്. എന്നാല്‍ അത് ഉപഭോക്താവ് പാസ്പോര്‍ട്ടുമായി നേരിട്ട് ചെന്നാല്‍ മാത്രമേ ക്ലിയര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. മാത്രമല്ല ഇങ്ങനെ സ്വതന്ത്ര രീതിയില്‍ അയക്കുമ്പോള്‍ കൊച്ചിയിലെ ഓഫീസില്‍ ഉപഭോക്താവിന് കാത്തു കെട്ടി കിടക്കേണ്ടി വരും. നിയമത്തിന്റെ നൂലാമാലകള്‍ മാത്രമല്ല പോര്‍ട്ടര്‍മാരുടെ വരെ ഭീമമായ ചാര്‍ജ്ജ്, അവിടെ നിന്ന് കൊണ്ടുപോകാനുള്ള വാഹങ്ങളുടെ പെര്മിഷന് തുടങ്ങി നിരവധി കടമ്പകളാണ് ഉപഭോക്താവിന് മറികടക്കേണ്ടി വരുന്നത്. അത് കൊണ്ടാണ് ഗ്രൂപ്പ് കാര്ഗോകളില് അയച്ച് ക്ലിയറിംഗ് ഏജന്‍സികളുടെ സഹായത്തോടെ പാഴ്സലുകള്‍ ഡെലിവറി ചെയ്യുന്ന രീതി കൂടുതല്‍ സ്വീകര്യമായതും ആളുകള്‍ ഇത്തരത്തില്‍ അയക്കുന്നതും. എന്നാല്‍ ഇപ്പോള്‍ ഏജന്‍സികള്‍ക്ക് പല 'സാങ്കേതിക ;കാരണങ്ങളും പറഞ്ഞ് ചരക്കുകള്‍ ക്ലിയര്‍ നല്‍കാതിരിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ചെന്നൈയിലോ,മറ്റു പോര്ട്ടുകളിലേക്കോ സാധനങ്ങള്‍ ഇനി അയച്ച സാധനങ്ങള്‍ മാറ്റി അയക്കാനും സാധിക്കില്ല. വിവാഹാവശ്യത്തുള്ള വസ്ത്രങ്ങള്‍, വീട്ടു സാമഗ്രികള്‍,പാല്‍പ്പൊടികള്‍ മുതല്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് നാട്ടില്‍ പോകുമ്പോള്‍ സ്വദേശികള്‍ നല്കിയ ഉപയോഗിച്ച വസ്ത്രങ്ങള്‍ വരെ ഇത്തരത്തില്കെട്ടിക്കിടക്കുകയാണ്. അത് തിരികെ ബഹ്റൈനിലേക്ക് മടക്കി അയക്കാന്‍ ഭീമമായ തുക വേണ്ടി വരും. വര്‍ഷങ്ങളായി ബഹ്റൈനിലെ വീടുകളില്‍ ഉപയോഗിച്ച അടുക്കള പാത്രങ്ങളും മറ്റു ഗൃഹോപകരണങ്ങളും അടക്കം ഇങ്ങനെ കെട്ടിക്കിടക്കുന്ന സാധനങ്ങളില്‍ ഉണ്ടെന്ന് കാര്‍ഗോ ഉടമകള്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി,എറണാകുളം എം പി ഹെബി ഈഡന്, എം പി ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. തങ്ങളുടെ നിസ്സഹായാവസ്ഥ പരമാവധി ആളുകളിലേക്ക് എത്തിക്കുവാനും, സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ അയക്കാനുള്ള മാര്‍ഗമായ ഷിപ്പ് കാര്‍ഗോ , കൊച്ചിയില്‍ മാത്രമുള്ള ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കാര്‍ഗോ ഉടമകbള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.