ഹൈദരാബാദ്: മലയാളത്തിലെ പ്രമുഖ നടൻ ദിലീപ് ക്വട്ടേഷൻ പീഡനകേസിൽ ജയിലിൽ കിടന്നത് രണ്ടര മാസത്തോളമാണ്. ഇതിന് ശേഷം പലയിടത്തു നിന്നും പുറത്തുവരുന്ന വാർത്തകൾ സിനിമയിലെ പീഡന വീരന്മാരെ കുറിച്ചു കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമാണ്. തെലുങ്ക് സിനിമാ ലോകത്തു നിന്നും ഇപ്പോൽ മറ്റൊരു പീഡന വാർത്ത കൂടി പുറത്തുവരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിയ പടമായ ബാഹുബലിയിലെ നടനാണ് ഇത്തവണ വില്ലൻ സ്ഥാനത്ത്.

പ്രണയം നടിച്ചു പെൺകുട്ടിയെ വഞ്ചിച്ച കേസിൽ ബാഹുബലി നടനെതിരേ കേസെടുത്തു. വെങ്കട് പ്രസാദ് എന്ന നടനെതിരേയാണ് ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി വെങ്കട് ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

അടുത്തിടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. ഹൈദരാബാദിലെ ഐമാക്‌സ് മൾട്ടിപ്ലക്‌സിന്റെ ഉടമ കൂടിയാണ് പ്രസാദ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വെങ്കട് പ്രസാദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നു പൊലീസ് അറിയിച്ചു.

എസ്.എസ്.രാജമൗലിയൊരുക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിൽ നായക കഥാപാത്രമായ പ്രഭാസിന്റെ വളർത്തച്ഛന്റെ വേഷത്തിലാണ് വെങ്കട് പ്രസാദെത്തിയത്.