അടിമാലി: അതിർത്തിത്തർക്കത്തിനിടെ വെടിയുതിർത്തെന്ന പരാതിയിൽ സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരേ അടിമാലി പൊലീസ് വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു.

കൊച്ചിധനുഷ്‌കോടി ദേശീയപാതയ്ക്കു സമീപം വാളറയിലാണു സംഭവം. ഇവിടെ ബൈജുവിന് അരയേക്കറോളം സ്ഥലമുണ്ട്. ഇതുമായി അതിരു പങ്കിടുന്ന വാളറ പരണായിൽ വർഗീസുമായാണ് തർക്കമുണ്ടായത്. ഇവിടെ വഴി നിർമ്മിക്കുന്നതും മതിൽ കെട്ടുന്നതുമായും ബന്ധപ്പെട്ട് നേരത്തേ തർക്കമുണ്ടായിരുന്നു. നിർമ്മാണ ജോലികൾ ഇന്നലെ പുനരാരംഭിച്ചതോടെ പ്രശ്‌നം വഷളായി. ഇതോടെ നാട്ടുകാർ കൂട്ടംകൂടി. ഇതിനിടെ ബൈജു വെടിയുതിർത്തെന്നാരോപിച്ച നാട്ടുകാർ തോക്ക് പിടിച്ചുവച്ച ശേഷം പൊലീസിൽ വിവരം അറിയിച്ചു. ഇതിന് ശേഷം മർദനമേറ്റെന്ന് ആരോപിച്ച് ബൈജു അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തന്നെ ആക്രമിച്ചതായുള്ള ബൈജുവിന്റെ മൊഴി പ്രകാരവും പൊലീസ് കേസെടുത്തു. ആശുപത്രിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ബൈജു കൊട്ടാരക്കര വെടിവച്ച് കൊല്ലാൻ ശ്രമിച്ചതായി അടിമാലി വാളറ വടക്കേച്ചാലിൽ പരണായിൽ വർഗ്ഗീസാണ് അടിമാലി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ബൈജുവിൽ നിന്ന് പിടിച്ചുവാങ്ങിയതെന്ന് പറയുന്ന എയർ പിസ്റ്റളും ഹാജരാക്കി. സംവിധായകനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ: വാളറ വെള്ളച്ചാട്ടത്തിന് സമീപം ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് വഴി നിർമ്മിച്ചപ്പോൾ വർഗ്ഗീസിന്റെ ഭൂമി കൈയേറിയതായി തർക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച വർഗ്ഗീസ് കരിങ്കല്ലിറക്കി കെട്ടുന്നതിനിടെ തോക്കുമായെത്തിയ ബൈജു പണി നിറുത്തിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബലമായി തോക്ക് പിടിച്ച് വാങ്ങി അടിമാലി സ്‌റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത് ലൈസൻസ് ഇല്ലാതെ കൈയിൽ വയ്ക്കാവുന്ന പിസ്റ്റളാണ്.

അതേസമയം, അക്രമി സംഘം തന്നെ കല്ല് ഉപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയെന്നും പരിക്കേറ്റതിനാലാണ് ചികിത്സതേടിയതെന്നും ബൈജു പറഞ്ഞു.