ന്യൂഡൽഹി: മതിവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചുള്ള കേസിൽ, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുബൈറിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാലു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് സുബൈർ ജാമ്യാപേക്ഷ നൽകിയത്.

മുഹമ്മദ് സുബൈറിന് എതിരെ പുതിയ കുറ്റങ്ങൾ ഡൽഹി പൊലീസ് ചേർത്തിട്ടുണ്ട്. ക്രിമിനൽ ഗുഢാലോചന, തെളിവുകൾ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് സുബൈറിന് എതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എതിരായ എഫ്സിആർഎ നിയമം സെക്ഷൻ 35ഉം സുബൈറിന് എതിരെ ചുമത്തിയിട്ടുണ്ട്. ഇതോടെ, സുബൈറിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.

ജൂൺ 27നാണ് മതവലികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018ലെ ട്വീറ്റിന് എതിരെയായിരുന്നു പരാതി. 1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ സുബൈറിനെതിരെ ചുമത്തിയിരുന്നു. ഹനുമാൻ ഭക്ത് എന്ന വ്യക്തിവിവരങ്ങൾ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

2021ൽ തുടങ്ങിയ ട്വിറ്റർ ഹാൻഡിലാണ് 2018 ലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ഡൽഹി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി. സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ ആണ് പരാതിക്കാരനെന്ന് എഫ്‌ഐആർ പറയുന്നു. 2020 ൽ കോടതി സംരക്ഷണം ലഭിച്ച ഒരു കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ അറിയിച്ചു.