ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം നൽകി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. സെപ്റ്റംബറിൽ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. 2019 നവംബർ ഒന്നിനാണ് വിദ്യാർത്ഥികളായ താഹ ഫസിലിനെയും അലൻ ഷുഹൈബിനെയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

കേസിൽ അലൻ ഷുഹൈബിന് നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയത് സുപ്രീംകോടതി ശരിവെച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എയായിരുന്നു ഹരജി നൽകിയത്. കേസിൽ ഇരുവർക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ നൽകിയ അപ്പീലിലാണ് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്. താഹ ഫൈസലിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കുന്നതിന് തെളിവാണ് എന്ന എൻഐഎയുടെ വാദം അംഗീകരിച്ചായിരുന്നു വിധി.

പ്രായം, മാനസിക നില, ചികിത്സ തുടരുന്നത്, വിദ്യാർത്ഥിയാണ് എന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അലന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ ചുമത്താൻ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയതിനെ തുടർന്ന് 2019ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അലൻ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.