തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസിൽ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോർജിന് തിരുവനന്തപുരം സി ബിഐ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി ജഡ്ജി കെ. സനിൽ കുമാർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും ഹാജരാക്കണം. ജാമ്യക്കാലാവധിയിൽ മറ്റു കുറ്റകൃത്യങ്ങൾ ചെയ്യരുത്. 3 ദിവസത്തിനകം പ്രതിയുടെ പാസ്‌പോർട്ട് വിവരങ്ങൾ സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള ബാക്കി 3 പ്രതികളെ ഏപ്രിൽ 13 ന് ഹാജരാക്കാൻ കൊച്ചി സിബിഐ യൂണിറ്റ് എസ് പി യോട് കോടതി ഉത്തരവിട്ടു.

കസ്റ്റംസ് സൂപ്രണ്ട് കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനിൽ താമസം ലുക്ക്. കെ. ജോർജ് , ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയും സി ഇ ഒ യുമായ ആർ. സുദേര വാസൻ, ജീവനക്കാരായ പി. മദൻ , കിരൺ ഡേവിഡ് എന്നിവരാണ് വിദേശ മദ്യക്കടത്തു കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ.

2018 - 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകനായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുമായി ക്രിമിനൽ ഗൂഢാലോചന നടത്തി 15 ൽ പരം എയർലൈൻ കമ്പനികളിൽ നിന്ന് വൈമാനികരുടെ യാത്രാ രേഖകൾ പ്ലസ് മാക്‌സ് കമ്പനിക്ക് ചോർത്തിക്കൊടുത്തു. ട്രാവൽ ഏജൻസികൾ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുടെ പാസ്‌പോർട്ട് ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ ചമച്ച് മുന്തിയ ഇനം വിദേശമദ്യം പുറത്തേക്ക് കടത്തി ഖജനാവിന് 6 കോടി രൂപയുടെ അന്യായ നഷ്ടം വരുത്തിയെന്നും തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം പ്രതികൾ ഉണ്ടാക്കിയെന്നുമാണ് സിബിഐ കേസ്.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറാണ് സംഭവം ആദ്യം കണ്ടെത്തിയത്. കൃത്യത്തിൽ പൊതുസേവകനായ ലുക്കിന്റെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാൽ സി ബി ഐ കേസേറ്റെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെ 2 വർഷം ലുക്ക് ഒളിവിൽ പോയി.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കസ്റ്റംസ് കമ്മീഷണർ ലുക്കിനെ സസ്‌പെന്റ് ചെയ്തു. ഒടുവിൽ 2020 നവംബർ 18 നാണ് ചോദ്യം ചെയ്യലിന് സിബിഐ കൊച്ചി യൂണിറ്റിൽ ഹാജരായത്. തുടർന്നാണ് സിബിഐ ലൂക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള മറ്റു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായെങ്കിലും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിന്നീട് സർവ്വീസിൽ തിരിച്ചെടുത്ത ലുക്ക് ആഡിറ്റ് വിഭാഗത്തിലും ജി. എസ്. റ്റി വകുപ്പിലും സേവനമനുഷ്ഠിച്ചു വരികയാണ്. 2021 ഡിസംബറിലാണ് ജി എസ് റ്റി വകുപ്പിലെത്തിയത്. കൊച്ചി എയർപ്പോർട്ട് വഴിയുള്ള മദ്യക്കടത്തു കേസിൽ ലൂക്കിനെ കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.