ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം വിട്ട പ്രതിയായ രത്‌നവ്യാപാരി മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്. അയൽ രാജ്യമായ ആൻഡ്വിഗേയയിലക്കും ബാർബുഡയിലേക്കും ചോക്‌സിക്ക് പോകാം.

ന്യൂറോളജിസ്റ്റിനെ കാണാൻ ആന്റിഗ്വയിലേക്ക് പോകാൻ ജാമ്യം അനുവദിക്കണമെന്ന ചോക്‌സിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയിൽ മെയ്‌ 23ന് പിടിയിലാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം 2018 ജനുവരി ആദ്യ വാരമാണ് ചോക്‌സിയും അനന്തരവൻ നീരവ് മോദിയും ഇന്ത്യയിൽനിന്നു കടന്നത്. ഡൊമിനിക്കയിലെ ഹൈക്കോടതിയാണ് യാത്രാനുമതി നൽകിയത്.

ഡൊമിനിക്കയിലെ തന്റെ നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ആസൂത്രണം ചെയ്തത് ഇന്ത്യൻ സർക്കാർ പ്രതിനിധികളാണെന്ന് മെഹുൽ ചോക്‌സി ഡൊമിനിക്ക ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഡൊമിനിക്കയുടെ ഇമിഗ്രേഷൻ മന്ത്രി, പൊലീസ് മേധാവി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് ഹർജി.

കഴിഞ്ഞ മാസം മെഹുൽ ചോക്സിക്ക് കോടതി ജാമ്യം നിഷേധിചിരുന്നു. ജാമ്യം ലഭിച്ചാൽ മേഹുൽ ചോക്സി കടന്നു കളയാൻ സാധ്യതയുണ്ട് എന്നതുൾപ്പെടെ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മെഹുൽ ചോക്സി ഡോമിനിക്ക ഹൈക്കോടതിയെ സമീപിച്ചത്.

ആരോഗ്യ കാരണങ്ങൾ കാണിച്ചായിരുന്നു ജാമ്യപേക്ഷ. ജാമ്യം ലഭിച്ചാൽ മെഹുൽ ചോക്സി രാജ്യം വിട്ടു പോകാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകാൻ കഴിയുന്ന തരത്തിൽ ഉറപ്പുകളൊന്നും ചോക്സിക്ക് സമർപ്പിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി വിനാന്റെ അഡ്രിയൻ-റോബർട്ട്സ് മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പാക്കാൻ നിബന്ധനകൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതൽ ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്താണ് ചോക്‌സി കഴിഞ്ഞിരുന്നത്. മെയ്‌ 23ന് അയൽ രാജ്യമായ ഡൊമിനിക്കയിൽ അനധികൃതമായി പ്രവേശിച്ചുവെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബളിപ്പിച്ച് 13,500 കോടി രൂപയാണ് ചോക്‌സിയും അനന്തരവൻ നീരവ് മോദിയും തട്ടിയെടുത്തത്. ഇതിനുപിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു.