പത്തനംതിട്ട: ദേശസ്നേഹം, ഇന്ത്യൻ സൈന്യം എന്നൊക്കെ പറയുമ്പോൾ സാധാരണ ഇടതുപക്ഷക്കാർക്ക് ഒരു അസ്‌കിതയൊക്കെയുണ്ട്. എന്നാൽ, അതെല്ലാം മാറ്റി വച്ച് സൈനികരെയും സൈന്യത്തെയും വാനോളം പുകഴ്‌ത്തുകയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. എംസി റോഡിലെ ഏനാത്ത് പാലം ബലക്ഷയത്തെ തുടർന്ന് ചരിഞ്ഞപ്പോൾ ഇതുവഴിയുള്ള ഗതാഗതംവഴി തിരിച്ചു വിട്ടിരുന്നു. അപ്പോഴാണ് ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമൊരുക്കി ബെയ്ലി പാലം നിർമ്മിക്കാൻ സൈന്യത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.

ഒരുമടിയും കൂടാതെ സൈന്യത്തിലെ എൻജിനീയറിങ് വിഭാഗമെത്തി, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കല്ലടയാറിന് കുറുകേ ബെയ്ലിപാലം ഒരുങ്ങി. സംസ്ഥാന സർക്കാരിന് ഒരു പൈസ പോലും ചെലവായില്ല. ഇതിനിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി കഴിഞ്ഞ 31 ന് പഴയ പാലം തുറന്നു കൊടുത്തു. ഇതോടെ ബെയ്ലി പാലം പൊളിച്ചു നീക്കുന്ന പണികൾ സൈന്യം ആരംഭിച്ചു. നാളെ ഇത് പൂർണമായും പൊളിച്ചു തീരും.  ഏനാത്ത് ബെയ്ലി പാലം നിർമ്മിച്ച സേനാംഗങ്ങൾക്ക് നേരിട്ട് നന്ദി പറയാൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടിന് നേരിട്ടെത്തി. സൈന്യത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദർശനം.

ക്ഷണത്തേക്കാളുപരി ഒരു ജനതയുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സൈന്യം കാണിച്ച സന്മനസിനുള്ള കടപ്പാടും ഒപ്പം നന്ദിയും പ്രകടമാക്കിയായിരുന്നു മന്ത്രിയുടെ സന്ദർശനം. ഓരോ സൈനികനും ഹസ്തദാനം നടത്തി നന്ദി അറിയിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ലഫ്. കേണൽ വികെ രാജു, മേജർ വിനീത് ശോഭൻ എന്നിവരോട് വിവരങ്ങൾ ആരാഞ്ഞ് അര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. മന്ത്രി എത്തിയതറിഞ്ഞ് പാലത്തിന്റെ ഇരുഭാഗത്തും നാട്ടുകാർ തടിച്ച് കൂടിയിരുന്നു.

കുളക്കട കടവിലുള്ളവരെ കാണാൻ പോകാൻ സമയമില്ലാത്തതിനാൽ ഐഷാ പോറ്റി എംഎൽഎയോട് അവിടെയുള്ളവരെ കാണാൻ പറഞ്ഞ ശേഷം മന്ത്രി മടങ്ങി. 14 ന് നടപ്പാതയും പാലത്തിന്റെ ഇരുമ്പ് പ്രതലവും അഴിച്ചു മാറ്റി. ഇരുവശത്തുമുള്ള ഇരുമ്പ് ഗർഡർ ഏനാത്ത് ഭാഗത്തേക്ക് നീക്കി അഴിച്ചു മാറ്റി. ഇന്ന് പാലം അഴിച്ചു നീക്കുന്നത് പൂർത്തിയാകും. നാളെ രാവിലെ പാലത്തിന്റെ ഗർഡറുകളും മറ്റ് സമഗ്രികളും കയറ്റി സൈന്യം മടങ്ങും. ഡൽഹി, ജലന്ധർ, ജോധ്പൂർ എന്നിവിടങ്ങളിലെ എൻജിനിയറിങ് സ്റ്റോറിലാണ് പാലം പണിയാനുപയോഗിച്ച ഗർഡറുകളും സാധനസാമഗ്രികളും ഇറക്കി വയ്ക്കുക. കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയർ എസ് ദീപു, എക്സിക്യുട്ടീവ് എൻജിനിയർ പിഎസ് ഗീത, റോഷ് മോൻ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

മേജർ അനുഷ് കോശിയുടെ നേതൃത്വത്തിലായിരുന്നു പാലം നിർമ്മിച്ചത്. രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുമാണ് പാലം നിർമ്മിക്കാൻ ആവശ്യമായ ഗർഡറുകൾ എത്തിച്ചത്. സൈന്യം നിർമ്മിച്ച പാലത്തിന് സംസ്ഥാന സർക്കാർ പണം നൽകേണ്ടതില്ലെന്ന് മന്ത്രി ജി സുധാകരൻപറഞ്ഞു. ഒരു രൂപ പോലും വാങ്ങാതെയാണ് പാലം സ്ഥാപിച്ചത് പാലം നിർമ്മിക്കാനാവിശ്യമായ ഗർഡറുകൾ എത്തിക്കുന്നതിനും തിരികെ കൊണ്ടു പോകുന്നതിനുമുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇത്തരത്തിൽ അടിയന്തിര സാഹചര്യത്തിൽ പാലം നിർമ്മിക്കാനുള്ള തുക ഡിഫൻസ് ബജറ്റിൽ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.