ആലപ്പുഴ: ആർഎസ്എസ് - പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന ആലപ്പുഴയെ മുൾമുനയിൽ നിർത്തി ശക്തിപ്രകടനവുമായി ഇരു വിഭാഗവും നേർക്കുനേർ. വിശ്വ ഹിന്ദു പരിഷത്തിന്റെ യുവ ജന വിഭാഗമായ ബജ്രംഗ് ദളിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും റാലികളാണ് ആലപ്പുഴ നഗരത്തിൽ നടക്കുന്നത്. ആലപ്പുഴയിലും പാലക്കാടും രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ ഇരട്ട കൊലപാതകങ്ങൾ അരങ്ങേറിയതിന്റെ ഭീതി വിട്ടകലും മുമ്പാണ് ശക്തിപ്രകടനവുമായി ഇരു വിഭാഗവും പൊതുനിരത്തിൽ ഇറങ്ങുന്നത്. വൻ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

ശൗര്യറാലിയുമായി ബജ്രംഗ് ദളിന്റെ കീഴിൽ ഇരുചക്ര വാഹന റാലി രാവിലെ നടന്നിരുന്നു. നഗരത്തെ പ്രദക്ഷിണം ചെയ്താണ് ബജ്രംഗ് ദളിന്റെ ശക്തിപ്രകടനം നടന്നത്. നിരവധി പ്രവർത്തകരാണ് ഇരുചക്രവാഹനങ്ങളിൽ റാലിയിൽ അണിനിരന്നത്.



ഇതിന് പിന്നാലെയാണ് വൈകിട്ട് പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനവും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്. ഇരു വിഭാഗവും ഒരേ സമയം റാലി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംഘർഷ സാധ്യത കണത്തിലെടുത്ത് സമയം മാറ്റുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് റാലി കടന്നുപോകുന്ന വഴികളിലെ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

മാർച്ച് സംബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. ആലപ്പുഴ സ്വദേശി രാജരാമ വർമ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴക്ക് പുറമെ എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുൾപ്പെടെ ആയിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് ഗുപ്തയുടെ നേതൃത്വത്തിലാണ് സുരക്ഷ.

ഇരു പ്രകടനവും കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഒരേ സമയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിർദ്ദേശിക്കുകയായിരുന്നു.

'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായിട്ടാണ് നാളെ വൈകിട്ട് 4.30 ന് ആലപ്പുഴയിൽ വോളണ്ടിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും പോപ്പുലർ ഫ്രണ്ട് നടത്താൻ ഒരുങ്ങുന്നത്. ആദ്യം പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സർക്കാർ തലത്തിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നു. തുടർന്നാണ് ബജ്റംഗദളും റാലി പ്രഖ്യാപിച്ചത്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അഭ്യർത്ഥനയെ തുടർന്ന് ബജ്റംഗ്ദൾ റാലിയുടെ സമയം പുനക്രമീകരിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ജാഥയുടെ ലോഗോ ഇന്ത്യൻ റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്നതാണ്. അതിന് കാരണമായി അവർ പറയുന്നത് ഇന്ത്യൻ ജനതയുടെ ചോരയുടേയും വിയർപ്പിന്റെയും ഫലമായി പിറവിയെടുത്ത റിപ്പബ്ലിക് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി മാറുകയും വംശീയതയും കൂട്ടക്കൊലയും ഭരണകൂടത്തിന്റെ മുഖമുദ്രയാകുകയും ചെയ്തിരിക്കുകയാണ് എന്നാണ് ഉന്നയിക്കുന്നത്

രാഷ്ട്രീയ വൈര്യത്താൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ, ബിജെപി നേതാവും ഒ.ബി.സി മോർച്ച സെക്രട്ടറിയുമായ രഞ്ജിത്ത് എന്നിവരെ 12 മണിക്കൂറിന്റെ ഇടവേളയിലാണ് അക്രമകാരികൾ കൊലപ്പെടുത്തിയത്.

ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ വച്ചാണ് കെ.എസ്.ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്‌കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്‌ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. അന്നേദിവസം അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചാണ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നത്.

പോപ്പുലർ ഫ്രണ്ട് റാലിയോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ പാർക്കിങ് വിലക്കിയത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിലും ബീച്ചിലും പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം.