കോതമംഗലം: ബജ്‌റംഗദൾ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലുൾപ്പെട്ട പ്രതിയുടെ ജഡം പാതവക്കിൽ. കറുകടം ഇളമനയിൽ സുരേഷിന്റെ മകൻ അഖിലി(19)ന്റെ ജഡമാണ് ഇന്നലെ രാത്രി ഏഴുമണിയോടെ കൊച്ചി -ധനുഷ്‌കോടി ദേശിയപാതയിൽ കോതമംഗലം സബ്‌സ്റ്റേഷന് സമീപം കാണപ്പെട്ടത്.

സമീപത്തുനിന്ന് അഖിൽ സഞ്ചരിച്ചിരുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മുഖത്ത് ചതഞ്ഞ പാടുകളുമായും തലയുടെ ഭാഗത്തുനിന്ന് രക്തം വാർന്ന നിലയിലും വഴിയാത്രക്കാരാണ് ജഡം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹം മാർ ബസേലിയോസ് ആശുപത്രയിലേക്കു മാറ്റി.

പിറവത്ത് ജെ സി ബി ഓപ്പറേറ്ററുടെ ഹെൽപ്പറായി ജോലിനോക്കിയിരുന്ന അഖിൽ അടിമാലി സ്വദേശിയായ ജെ സി ബി ഉടമയുടെ ബൈക്കുമായി കോതമംഗലത്തിനു പോരുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ആലുവയിൽനിന്നെത്തിയ ഫോറൻസിക് എക്‌സ്‌പേർട്ട് സംഭവസ്ഥലത്തുനിന്നും മൃതദേഹത്തിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മൃതദേഹം പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ബീന. സഹോദരൻ: അമൽ.

2014 ഏപ്രിലിൽ ബജ്‌റംഗദൾ നേതാവ് കലേഷിനെ മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അഖിൽ പ്രതിയായിരുന്നു.കേസിലെ മറ്റു പ്രതികൾക്ക് ആയുധമെത്തിച്ചത് അഖിൽ ആയിരുന്നെന്നു പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിരുന്നു. അന്നു പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ആക്ട് പ്രകാരമുള്ള ശിക്ഷണ നടപടികളാണ് അഖിലിനെതിരെ ഉണ്ടായത്. പ്രദേശത്തെ മണ്ണുമാഫിയകൾ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കലേഷിന്റെ കൊലപാതകത്തിന് കാരണമായത്. ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറിയായിരുന്ന കറുകടം റെജി ഉൾപ്പെടെ കേസിൽ അഞ്ചുപേർ പ്രതികളായിരുന്നു. കേസ്സിനെത്തുടർന്ന് ഒളിവിൽപോയ റെജി മാസങ്ങൾക്കുശേഷം കുടകിൽ അത്മഹത്യചെയ്തതായിട്ടാണ് നാട്ടിൽ ലഭിച്ച വിവരം. എന്നാൽ റെജി ആത്മഹത്യചെയ്യാനിടയില്ലെന്നും എതിരാളികൾ വകവരുത്തിയിരിക്കാനാണ് സാധ്യതയെന്നും സുഹൃത്തുക്കളും നാട്ടുകാരിൽ ഒരു വിഭാഗവും അഭിപ്രായപ്പെട്ടിരുന്നു.അഖിലിന്റെ മരണത്തിലും ഇത്തരത്തിൽ സംശയം ഉയർന്നിട്ടുണ്ട്.

എന്നാൽ പൊലീസ് ഇക്കാര്യം കണക്കിലെടുക്കുന്നില്ലന്നാണ് ലഭ്യമായ വിവരം. വാഹനം ഇടിച്ചതിനെതുടർന്നുള്ള പരിക്കുകളാവാം അഖിലിന്റെ മരണകാരണമെന്നും ഇടിച്ച വാഹനത്തിന്റെ തകർന്ന ഭാഗങ്ങൾ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ടെന്നും വാഹനം കണ്ടെത്തുന്നതിന് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.