അറഫ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസിലോകം ഇന്ന് ഈദുൽ അദ്ഹ (ബലിപ്പെരുന്നാൾ) ആഘോഷിക്കുന്നു. പ്രവാചകൻ ഇബ്രാഹീമിന്റെ ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമയിൽ 'അല്ലാഹു അക്‌ബർ' (ദൈവം ഏറ്റവും വലിയവൻ) വിളികളുമായി വിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും എത്തി. വിശ്വാസനിറവിൽ ജനലക്ഷങ്ങൾ മക്കയിൽ ഹജ്ജിന്റെ നിർവൃതിയിലായിരിക്കും. പ്രവാചകന്മാരുടെ പാത പിന്തുടർന്ന് ജീവിതം ലോകത്തിനായി സമർപ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപ്പെരുന്നാളും എത്തുന്നത്.

പരിശുദ്ധഹജജിന്റെ ആത്മാവായ അറഫാ സംഗമത്തിൽ ഒരുമിച്ചത് ഭൂമിയുടെ സർവകോണുകളിൽ നിന്നുമെത്തിയ ലക്ഷങ്ങൾ. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബിയും അനുയായികളും നിന്ന ചരിത്രമുറങ്ങുന്ന അറഫ മൈതാനിയിൽ 19 ലക്ഷത്തോളം തീർത്ഥാടകർ പ്രാർത്ഥനാനിർഭരമായ മനസ്സോടെ നിന്നു. കറുത്തവനും വെളുത്തവനുമൊക്കെ ഒന്നായിമാറി ചുണ്ടിൽ ഒരേ മന്ത്രവുമായി ഒരു പകൽ മുഴുവൻ പുരുഷാരത്തിന്റെ നിൽപ് സമാനതകളില്ലാത്ത കാഴ്ചാനുഭവമായി. ഇത്തവണ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ദുരന്തം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക ആളില്ലാ വിമാനങ്ങളുപയോഗിച്ചും നിരീക്ഷണം നടത്തി.

ശനിയാഴ്ച രാത്രിമുതൽ ഹാജിമാർ മിനായിലെ തമ്പുകളിൽനിന്ന് അറഫയെ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു. 164 രാജ്യങ്ങളിൽനിന്നായി ഒഴുകിയെത്തിയ തീർത്ഥാടകലക്ഷങ്ങൾ വലുപ്പചെറുപ്പഭേദമേതുമില്ലാതെ തോളോടുതോളുരുമ്മിനിന്നാണ് മനമുരുകി പ്രാർത്ഥിച്ചത്. അറഫാ സംഗമത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഞായറാഴ്ച വ്രതമനുഷ്ഠിച്ചു. ഞായറാഴ്ച മസ്ജിദ് നമിറയിൽ നടന്ന നമസ്‌കാരത്തിനും ഖുത്തുബയ്ക്കുംശേഷം താത്കാലികമായുയർത്തിയ തമ്പുകളിലും പ്രവാചകന്റെ പാത പിന്തുടർന്ന് കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയുടെ താഴ്‌വരയിലും നിന്നുകൊണ്ടായിരുന്നു ഹാജിമാരുടെ പ്രാർത്ഥന.

ളുഹറും അസറും നമസ്‌കരിച്ച ശേഷം ഇരുകൈകളും മേലേക്കുയർത്തി ഹൃദയനൊമ്പരങ്ങളും സങ്കടങ്ങളും സമർപ്പിച്ചും പാപങ്ങൾ ഏറ്റുപറഞ്ഞും കണ്ണീർവാർത്തുകൊണ്ടായിരുന്നു പ്രാർത്ഥന. മലയാളിക്യാമ്പുകളിൽ കേരളത്തിൽനിന്നുമെത്തിയ പണ്ഡിതരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയുണ്ടായിരുന്നു. സൂര്യാസ്തമയശേഷം അറഫയിൽനിന്ന് ഹാജിമാർ മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. മുസ്ദലിഫയിൽ രാപാർത്ത് ജംറയിലെറിയാനുള്ള കല്ലുമായി ബക്രീദ് ദിനമായ തിങ്കളാഴ്ച പ്രഭാതത്തിൽ ഹാജിമാർ മിനായിൽ തിരിച്ചെത്തും.

ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 16,89,807 വിദേശ തീർത്ഥാടകരുൾപ്പെടെ 18,55,406 പേരാണ് ഹജ്ജിനത്തെിയത്. ഇതിൽ 7,78,708 പേർ വനിതകളാണ്. ളുഹ്ര് നമസ്‌കാരത്തിന് മുമ്പായി പ്രവാചകൻ ഹജ്ജ് വേളയിൽ അറഫയിൽ നടത്തിയ വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓർമപുതുക്കി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുർറഹ്മാൻ അസ്സുദൈസ് തീർത്ഥാടകരെ അഭിസംബോധന ചെയ്തു. യുവാക്കൾ ഇസ്ലാമിന്റെ ശരിയായ അദ്ധ്യാപനം ഉൾക്കൊള്ളാൻ മുന്നോട്ടുവരണമെന്നും ഭീകരവാദത്തിലേക്കു സമൂഹം വഴിതെറ്റാതെ സൂക്ഷിക്കാൻ പണ്ഡിതന്മാർ ബദ്ധശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രവാചകൻ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകൻ ഇസ്മാഈലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ഓർമ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ.