തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ബോധം പൂർണ്ണമായി തെളിഞ്ഞു. എന്നാലും ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ് ബാലഭാസ്‌കർ. രക്തസമ്മർദം സാധാരണനിലയിലായെങ്കിലും ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ശ്വാസോച്ഛോസം കൃമത്തിലായതും ശുഭപ്രതീക്ഷയാണ്. അതിനാൽ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ബാലഭാസ്‌കറിന്റെ വലതുകാൽ ശാസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കൽ സംഘം.

വെന്റിലേറ്ററിലുള്ള ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവർ അനൂപിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു. ഏക മകൾ തേജസ്വിനി ബാലയുടെ മരണം ബാലഭാസ്‌കറിനെ ബന്ധുക്കൾ അറിയിച്ചിട്ടില്ല. കൂടുതൽ വിദഗ്ധ ചികിത്സ നൽകുന്നതിന്റെ ഭാഗമായി എയിംസിൽ നിന്നും ന്യൂറോ സർജനെ അയക്കാമെന്ന് കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ഉറപ്പു നൽകിയതായി ശശി തരൂർ എംപി അറിയിച്ചിട്ടുണ്ട്. ഈ ഡോക്ടർമാർ താമസിയാതെ തിരുവനന്തപുരത്ത് എത്തും. ഇതോടെ വിദഗ്ധ ചികിൽസ പുതിയ തലത്തിലെത്തും. കേരളത്തിന്റെ പ്രിയ വയലിനിസ്റ്റ് ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും എല്ലാ പിന്തുണയും കുടുംബാഗങ്ങൾക്ക് നൽകുന്നുണ്ട്.

കഴിഞ്ഞ 25 നാണ് ബാലഭാസ്‌കർ കുടുംബസമേതം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. കാർ മരത്തിലിടിച്ച് ഏകമകൾ ഒന്നര വയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കർക്കും, ഭാര്യ ലക്ഷ്മിക്കും, വാഹനം ഓടിച്ച സുഹൃത്ത് അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റു.

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23 നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുൻസീറ്റിലായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിൽ ഏറ്റവും ഗുരുതരമായ പരിക്കുകൾ ഉണ്ടായ്ത ബാലഭാസ്‌കറിനും മകൾക്കുമായിരുന്നു. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് തേജസ്വിനിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗർ 'ടിആർഎ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി. കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാർക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്.

പ്രാർത്ഥനകൾ ദൈവം കേട്ടപ്പോൾ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂർ വടക്കുംനാഥനു മുന്നിൽ മനമുരുകി പ്രാർത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്. യാത്രകളിൽ അച്ഛന്റെ മടിയിലിരിക്കാൻ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിൻസീറ്റിലിരുന്ന അമ്മയുടെ കൈയിൽ നിന്ന് പതിവുപോലെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറിൽ തല ചായ്ച്ച് മയങ്ങി. അപകടത്തിൽ ദുരന്തവുമെത്തി. തേജസ്വി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് നാൽപ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കർ. അപകടം നടന്നയിടത്തു നിന്ന് റോഡിൽ കിലോമീറ്ററുകളോളം തെരുവ് വിളക്കുകൾ ഇല്ല. അതു വഴി പോയ വാഹനങ്ങൾ നിർത്തി ഹെഡ് ലൈറ്റുകൾ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽത്തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.