തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഡ്രൈവർ അർജുനനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാർഡിലേക്കു മാറ്റി. അപകടത്തിൽ മകൾ തേജസ്വിനി ബാല(ജാനി) മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ചൊവ്വാഴ്ചയാണ് മരിച്ചത്. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭർത്താവിനെയും തിരക്കാറുണ്ട്. അവർ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ഇതാണ് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി സ്റ്റീഫൻ ദേവസ്യയും വിശദീകരിക്കുന്നത്.

ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നുവെന്നും അവർക്ക് ഇപ്പോൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു. പക്ഷേ അവർക്ക് സംസാരിക്കാൻ പറ്റുന്നില്ല. പതുക്കെ അവർ തിരിച്ച് വരികയാണ്. തിങ്കാളാഴ്ചയാവുമ്പോഴേക്കും അവരെ വെന്റിലേറ്ററിൽ നിന്നും മാറ്റും. ബാലുവിനും മകൾക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോൾ അത് താങ്ങാൻ പറ്റണം എന്ന് എല്ലാവരും പ്രാർത്ഥിക്കണമെന്നും സ്റ്റീഫൻ പറഞ്ഞു. ലക്ഷ്മിയുടേയും ബാലുവിന്റേയും കുടുംബം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും. തങ്ങാൻ പറ്റുമോ എന്ന് ആർക്കും അറിയില്ല. വലിയ പ്രതിസന്ധിയാകും ലക്ഷ്മി നേരിടേണ്ടി വരികയെന്നും സ്റ്റീഫൻ പറയുന്നു. ലക്ഷ്മിക്ക് കേൾക്കാം കാണാം എല്ലാം മനസ്സിലാക്കാമെന്നും സ്റ്റീഫൻ പറയുന്നു. വെന്റിലേറ്ററിൽ കിടന്നപ്പോൾ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങൾ കാരണമാണ് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതെന്നാണ് സ്റ്റീഫൻ പറയുന്നത്.

മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കർ ഡോക്ടറോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫൻ പറയുന്നു. രണ്ട് മണിക്കൂർ ഡോക്ടർ ബാലുവിനൊപ്പം ഉണ്ടായിരുന്നു. കോഫി വേണമോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് മറുപടി നൽകി. സമാധാനത്തോടെയാണ് ഇരുന്നത്. ഡോക്ടർ ബാലു ചിരിക്കുന്നത് കണ്ടാണ് പോയതെന്നും സോഷ്യൽ മീഡിയയിലെ ലൈവിൽ സ്റ്റീഫൻ പറഞ്ഞു. ബാലുവിന്റെ ഓർമ്മയ്ക്ക് പരിപാടി സംഘടിപ്പിക്കുമെന്നും അതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സ്റ്റീഫൻ പറഞ്ഞു. ബാലുവിന് വേണ്ടി ലക്ഷ്മിക്ക് ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്നും അതുകൊണ്ടാണ് ദൈവം ഇങ്ങനെയൊക്കെ കാട്ടിയതെന്ന് വിശ്വസിക്കുന്നതെന്നും സ്റ്റീഫൻ പറയുന്നു. മകളുടേയും ഭർത്താവിന്റേയും മരണം ലക്ഷ്മിക്ക് അറിയില്ല. സാവധാനം മാത്രമേ അവരെ കാര്യങ്ങൾ ബോധിപ്പിക്കാനാകൂവെന്നും സ്റ്റീഫൻ പറഞ്ഞു.

ലക്ഷ്മിയുടെ തോളിലെ ഞരമ്പിനു സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാൽമുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകൾ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടർമാർ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിക്കാത്തത് ഇതുകൊണ്ടാണ്. അപകടത്തിൽപ്പെട്ട് ഒരാഴ്ചയോളം ചികിൽസയിൽ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്‌കർ മരണത്തിന് കീഴടങ്ങിയത്. രണ്ടിന് പുലർച്ചെയായിരുന്നു അന്ത്യം. അപകടത്തിൽ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25 നായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി മൂന്നിന് ബാലഭാസ്‌കറിന്റെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലുമായി പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങളാണ് ബാലുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലർച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്.

ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അർജുൻ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പൊലീസ് നിഗമനം.