തിരുവനന്തപുരം: കാറപടകത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌കർക്കുണ്ടായത് അതീവ ഗുരുതര പരിക്ക്. വാഹനാപകടത്തിന്റെ ആഘാതത്തിൽ ബാലഭാസ്‌കറിന്റെ തലയിൽ മൾട്ടിപ്പിൾ ഫ്രാക്ടച്ചർ സംഭവിച്ചതായി എംആർഐ സ്‌കാനിങ്ങിൽ കണ്ടെത്തി. നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. സംഗീതജ്ഞന് അടിയന്തര ശസ്ത്രക്രിയ നടത്തും. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചിരുന്നു. മുക്കിനേറ്റ ഇടിയാണ് തേജസ്വനിയുടെ മരണകാരണമായത്. ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മിയും അർജുനനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലക്ഷ്മിക്കും അർജുനും അപകടാവസ്ഥ തരണം ചെയ്തതായാണ് സൂചന.

തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിരാവിലെ പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ അപകടം ഉണ്ടായപ്പോൾ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ഇതിന് ശേഷമാണ് അപകടത്തിൽപെട്ടത് ബാലഭാസ്‌കറും കുടുംബവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരേയും പിന്നീട് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. മരത്തിലിടിച്ച് മുൻഭാഗം പൂർണ്ണമായും തകർന്ന ഇന്നോവ കാർ വെട്ടിപ്പൊളിച്ചായിരുന്നു പരിക്കേറ്റ മൂന്ന് പേരെയും പുറത്തെടുത്തത്. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ നിന്നും മടങ്ങുമ്പോഴാണ് അപകടം. അപകടം നടന്നയുടൻ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഫയർഫോഴ്സും ആംബുലൻസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സിനിമയിൽ ഒരു ചാൻസിനായ് പലരും നെട്ടോട്ടമോടുമ്പോൾ 17ാമത്തെ വയസിൽ സിനിമയിൽ സംഗീതം ചെയ്യാൻ അവസരം ലഭിച്ചയാളാണ് ബാലഭാസ്‌കർ. കോംപ്രമൈസുകൾക്ക് തയാറായിരുന്നെങ്കിൽ തിരക്കുള്ള സിനിമാ സംഗീതക്കാരനാകാമായിരുന്ന ബാലഭാസ്‌കർ അതുപേക്ഷിച്ചു സ്വന്തമായ പാത വെട്ടിത്തുറക്കുകയായിരുന്നു. ഒരു സിനിമാ ഗായകനോ സംഗീത സംവിധായകനോ ലഭിക്കുന്നതിലും പ്രശസ്തിയും ആരാധകരെയും നേടിയെടുക്കാൻ ബാലഭാസ്‌കറിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏറെ ആരാധകരേയും കിട്ടി. നല്ല സ്വഭാവത്തിലൂടെ ഏവരേയും തന്നിലേക്ക് ആകർഷിച്ചു. വലിയൊരു സുഹൃത് വലയവും കാത്തു സൂക്ഷിച്ചു. അവരുടെ എല്ലാം പ്രിയ കൂട്ടുകാരനുമായി.

അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ മകളുടെ വിയോഗത്തെ സിനിമാ സംഗീത ലോകവും വേദനയോടെയാണ് ഉൾക്കൊണ്ടത്. ബാലഭാസ്‌കറിനും കുടുംബത്തിനുമായുള്ള പ്രാർത്ഥനയിലുമാണ് സംഗീത ലോകവും സുഹൃത്തുക്കളും. 17ാം വയസിൽ മംഗല്യപല്ലക്ക് എന്ന സിനിമയിൽ സംഗീതം ചെയ്താണ് സിനിമാ ലോകത്ത് ബാലഭാസ്‌കർ എത്തുന്നത്. അതിനുശേഷമാണ് കോളജ് ബാൻഡ് തുടങ്ങാനുള്ള ആശയം വന്നത്. വയലിനിൽ ബാലഭാസ്‌കറിന്റെ ഈണമിടൽ മലയാളിക്ക് മറക്കാനാവാത്ത ഒന്നായി മാറുകയും ചെയ്തു. സ്റ്റേജിൽ പെർഫോമിലൂടെ താരവുമായി.

ഈ അടുത്ത കാലത്ത് തന്റെ സംഗീത ജീവിതം അവസാനിച്ചെന്ന് ബാലഭാസ്‌കർ ഫേസ്‌ബുക്കിലൂടെ അറിയിച്ചത് സംഗീതപ്രേമികളിൽ ആശങ്ക പടർത്തി. എന്നാൽ ഏറെ വൈകാതെ അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ്‌ബുക്കിലൂടെ ബാലഭാസ്‌ക്കറിന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചപ്പോഴാണ് സംഗീതപ്രമേകളുടെ ആശങ്ക അവസാനിച്ചത്. അത്രയേറെ ആരാധകരെ സൃഷ്ടിച്ചതാരമാണ് ബാലഭാസ്‌കർ. എന്റെ സംഗീത ജീവിതം അവസാനിക്കുകയാണ്... ഇത്രയെങ്കിലും കുഞ്ഞുവയലിനാൽ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. വിടപറയാൻ സമയമായിരിക്കുന്നു. കൂടുതൽ സംഗീതമില്ല. സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി, കൂടുതൽ വാക്കുകളില്ല... ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ ബാലഭാസ്‌ക്കറിന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്ത് എത്തിയതോടെയാണ് ആശങ്ക നീങ്ങിയത്. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്‌കാർ ബാലഭാസ്‌ക്കറിന് ലഭിച്ചിട്ടുണ്ട്.