തിരുവനന്തപുരം: തിരുവനന്തപുരത്തെ കുണ്ടമൺഭാഗം തിട്ടമംഗലം പുലരി നഗർ ഇപ്പോഴും ആ അപകടത്തിന്റെ ഞെട്ടലിലാണ്. അത്രമേൽ ഇഷ്ടമായിരുന്നു ഇവിടുത്തുകാർക്ക് കുഞ്ഞ് തേജസ്വിനി ബാലയെ. വയലിനിൽ മാന്ത്രികസംഗീതം മീട്ടുന്ന ബാലഭാസ്‌ക്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിയെ പള്ളിപ്പുറത്തെ അപകടം കൊണ്ടു പോയി. അച്ഛനും അമ്മയും അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററിൽ ഒന്നുമറിയാതെ കിടക്കുകയാണ്. തേജസ്വിയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിലാണ്. അച്ഛനും അമ്മയും പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ ഇനിയും ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ മകൾക്ക് അന്ത്യചുംബനം നൽകാനും ബാലഭാസ്‌കറിനും ഭാര്യയ്ക്കുമാകില്ല.

ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗർ 'ടിആർഎ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി. ആരെ കണ്ടാലും പുഞ്ചരിക്കും. അച്ഛന്റെ അതേ ലാളിത്യമായിരുന്നു മുഖത്ത്. അതുകൊണ്ട് തന്നെ തേജസ്വിയുടെ വേർപാടിന്റെ വില എല്ലാവർക്കും അറിയാം. അതീവ ഗുരുതരാവസ്ഥയിലുള്ള ബാലഭാസ്‌റുടെ ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ കാര്യത്തിൽ ആശങ്ക അകലുകയാണ്. ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു കഴിഞ്ഞു. പക്ഷേ ഓർമ്മയെത്തുമ്പോൾ ഈ അച്ഛനും അമ്മയും ആദ്യം തിരക്കുക തങ്ങളുടെ കൺമണിയെയാകും. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലയുകയാണ് അതുകൊണ്ട് തന്നെ ബന്ധുക്കളും സുഹൃത്തുക്കളും.

നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു പ്രതീക്ഷ. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസത്രക്രിയ കഴിഞ്ഞു. ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, അപകടത്തിൽ മരിച്ച കുഞ്ഞ് തേജസ്വിനി ബാലയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. അതിന് ശേഷം സംസ്‌കാരം നടത്താനാണ് കുടുംബക്കാരുടെ തീരുമാനം. അതുകൊണ്ട് തന്നെ മകളുടെ മരണവും ചടങ്ങുമൊന്നും അച്ഛനും അമ്മയും അറിയില്ല. ഞായറാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും തൃശ്ശൂർ വടക്കുംനാഥക്ഷേത്ര ദർശനത്തിനു പോയത്. മകളുടെ പേരിലുള്ള വഴിപാടു നടത്താനായിരുന്നു യാത്ര. നേർച്ച കഴിഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് തൃശ്ശൂരിൽനിന്നു തിരിച്ചു പുറപ്പെട്ടത്.

കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാർക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാർത്ഥനകൾ ദൈവം കേട്ടപ്പോൾ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂർ വടക്കുംനാഥനു മുന്നിൽ മനമുരുകി പ്രാർത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്. യാത്രകളിൽ അച്ഛന്റെ മടിയിലിരിക്കാൻ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിൻസീറ്റിലിരുന്ന അമ്മയുടെ കൈയിൽ നിന്ന് പതിവുപോലെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറിൽ തല ചായ്ച്ച് മയങ്ങി. അപകടത്തിൽ ദുരന്തവുമെത്തി. തേജസ്വി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.

ചെവ്വാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലഭാസ്‌ക്കർക്ക് തലയ്ക്കും നട്ടെല്ലിനും ഭാര്യ ലക്ഷ്മിക്ക് കാലിനും ആന്തരികാവയവങ്ങൾക്കും ഡ്രൈവർ അർജുന് കാലിനും പരിക്കേറ്റു. ബാലഭാസ്‌ക്കറിനെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് നാൽപ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കർ. അപകടം നടന്നയിടത്തു നിന്ന് റോഡിൽ കിലോമീറ്ററുകളോളം തെരുവ് വിളക്കുകൾ ഇല്ല. അതു വഴി പോയ വാഹനങ്ങൾ നിർത്തി ഹെഡ് ലൈറ്റുകൾ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽത്തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.