തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ അടിമുടി ദുരൂഹത. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറല്ലെന്നാണ് ഭാര്യ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. എന്നാൽ അപകട സമയത്ത് വാനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നെന്നാണ് ഇവരുടെ ഡ്രൈവർ അർജുൻ നേരത്തെ പൊലീസിന് മൊഴി നൽകിയുരുന്നത്. ഇത് പച്ചക്കള്ളമെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസിന് മുമ്പിൽ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. ഡ്രൈവർ അർജുന്റേയും ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴികളിൽ വൈരുദ്ധ്യം രേഖപ്പെടുത്തിയതോടെയാണ് ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വരുന്നത്.

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ബാലഭാസ്‌ക്കറിന്റെ കുടുംബത്തെ ഉദ്ദരിച്ചായിരുന്നു മറുനാടൻ ആ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ആ വാർത്തയാണ് ഇപ്പോൾ സത്യമായി വന്നിരിക്കുന്നത്.
അപകട സമയത്ത് ബാലഭാസ്‌ക്കർ പിൻസീറ്റിൽ വിശ്രമിക്കുക ആയിരുന്നു. ദീർഘ ദൂര യാത്രയിൽ ബാലഭാസ്‌ക്കർ വണ്ടി ഓടിക്കാറില്ലെന്നുമാണ് ഭാര്യ ലക്ഷ്മി പൊലീസിനോട് പറഞ്ഞത്. ഡ്രൈവർ പറഞ്ഞത് പച്ചക്കള്ളമാണെന്നും അപകട സമയത്ത് ഡ്രൈവർ അർജുനാണ് വണ്ടിയോടിച്ചിരുന്നതെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു. അപകടംനടക്കുമ്പോൾ താനും കുഞ്ഞുമായിരുന്നു വണ്ടിയുടെ മുൻ സീറ്റിൽ ഇരുന്നതെന്നും ബാലഭാസ്‌ക്കർ ആ സമയത്ത് പിൻ സീറ്റിൽ ഉറങ്ങുക ആയിരുന്നെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു.

ഇരുവരുടേയും മൊഴികലിൽ വൈരുദ്ധ്യം രേഖപ്പെടുത്തിയതോടെ മരണത്തിലെ ദുരൂഹത തന്നെയാണ് മറനീക്കി പുറത്തു വരുന്നത്.. മരണ സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നെന്നായിരുന്നു ഡ്രൈവർ അർജുൻ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. തൃശൂർ മുതൽ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും അതിനു ശേഷം ബാലഭാസ്‌ക്കറായിരുന്നു വാഹനം ഓടിച്ചിരുന്നു എന്നാണ് അർജുൻ മൊഴി നൽകിയിരുന്നത്. എന്നാൽ ഇതിനെ തള്ളിക്കൊണ്ട് ഡ്രൈവർ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ലക്ഷ്മി പൊലീസിനോട് വെളിപ്പെടുത്തുക ആയിരുന്നു. കൂടാതെ അർജുൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായും ലക്ഷ്മി പൊലീസിനോട് പറഞ്ഞു. ഇതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഡ്രൈവർക്കും പങ്കുള്ളതിന്റെ സൂചനയാണ് പുറത്തു വരു്‌നത്.

ബാലഭാസ്‌ക്കറും കുടുംബവും തൃശൂർ വടക്കം നാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവർ തൃശൂരിൽ താമസിക്കാൻ റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവർ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവർ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു. അതേസമയം ഡ്രൈവർ അർജുൻ ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.

ബാലുവിന്റെ മരണത്തിന് പിന്നാലെ കുടുംബക്കാരും ചില സംശയങ്ങൾ പറഞ്ഞിരുന്നു. വടക്കുംനാഥനെ സന്ദർശിച്ച രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട വെച്ചത്. ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ മൊഴി തെറ്റായിരുന്നെന്ന് ലക്ഷ്മി പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്- ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്താമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരു വിരുന്നായി ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കർ. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിൻ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളിൽ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജിൽ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തുന്നത്. ക്ഷേത്ര ദർശനം നടത്തി ബാലു അർദ്ധരാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്. ബാലുവിന്റെ മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അർജ്ജുനും ചികിൽസയിലാണ്. ഇവരോട് കാര്യങ്ങൾ തിരക്കാൻ ബന്ധുക്കൾ ഇപ്പോൾ കഴിയുന്നില്ല. ലക്ഷ്മിയെ ബാലയുടേയും മകളുടേയും മരണം പോലും അറിയിച്ചിട്ടില്ല.

നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കൾക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുൾ തേടി ബന്ധുക്കൾ ഇറങ്ങുന്നത്. ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവർ. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവർ. എന്റെ സ്വപ്നങ്ങൾ ഞാൻ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവർക്ക് ഞാൻ എല്ലാം വിട്ടു നൽകിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ഘട്ടത്തിൽ എന്റെ അടുത്ത ഒരാളിൽ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നിൽ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടു. അത് എന്നോടും ഞാൻ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് ആ പോസ്റ്റ് പിൻവലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തൽ. ബാലുവിനെ കരയിക്കാൻ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാൾ ഇടപെടലുകൾ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്.